ജയില്‍ മതിലില്‍ തീര്‍ത്ത ‘റേ ഓഫ് ഹോപ്’ അനാവരണം ചെയ്തു

കാക്കനാട്: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ജയിലിന്‍െറ മതിലില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത ‘റേ ഓഫ് ഹോപ്’ എന്ന ഗ്രാഫിറ്റി കലാസൃഷ്ടി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് അനാവരണം ചെയ്തു. ജയില്‍വാസികളിലെ നന്മയും അതുവഴി സാധ്യമാകാവുന്ന കാര്യങ്ങളും വരച്ചുകാട്ടുകയാണ് ബെര്‍ജര്‍ പെയിന്‍റിന്‍െറയും ഹെര്‍മിറ്റ് സ്റ്റുഡിയോസിന്‍െറയും സഹകരണത്തോടെ തയാറാക്കിയ കലാസൃഷ്ടിയുടെ ലക്ഷ്യം. ചടങ്ങില്‍ തൃക്കാക്കര ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, ജയില്‍ എസ്.പി അനില്‍കുമാര്‍, ഫാ. ജോസ് അലക്സ് സി.എം.ഐ (ഡയറക്ടര്‍ രാജഗിരി എന്‍ജിനീയറിങ് കോളജ്), ഡോ. എ. ഉണ്ണികൃഷ്ണന്‍ (പ്രിന്‍സിപ്പല്‍), ഡോ. ജോസഫ് ഐ. ഇഞ്ചോടി (എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആര്‍.സി.ബി.എസ്) എന്നിവര്‍ സന്നിഹിതരായിരുന്നു. ഇത്തരം പരിപാടികള്‍ ജയില്‍വാസികളില്‍ നല്ല ചിന്തകള്‍ വളര്‍ത്താനും അവരെ നന്മയുടെ ലോകത്തേക്ക് നയിക്കാനും പ്രചോദനമാകുമെന്ന് ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. കാരാഗൃഹങ്ങളെക്കുറിച്ചും ദുര്‍ഗുണ പരിഹാര പാഠശാലകളെക്കുറിച്ചുമുള്ള സമൂഹത്തിന്‍െറ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുക എന്ന ശ്രമത്തിന്‍െറ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു ഉദ്യമം തെരഞ്ഞെടുത്തത്. സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന് അഭിമുഖമായി നില്‍കുന്ന എറണാകുളം ജില്ല ജയിലിന്‍െറ മതിലില്‍ അഞ്ച് ഭിത്തികളിലായി നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തിന് ഏകദേശം 2000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. സ്വന്തം ഭൂതകാലത്തെയും ജീവിത കാഠിന്യത്തെയും അതിജീവിക്കുന്ന ഒരു ഫീനിക്സ് പക്ഷിയെയാണ് ഈ കലാസൃഷ്ടി ചിത്രീകരിക്കുന്നതെന്നും ഫാ. ജോസ് അലക്സ് സി.എം.ഐ പറഞ്ഞു. തൃക്കാക്കര ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, ഡോ.എ. ഉണ്ണികൃഷ്ണന്‍, ജയില്‍ എസ്.പി അനില്‍കുമാര്‍, ഡോ. ജോസഫ് ഐ. ഇഞ്ചോടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.