ഡോക്ടര്‍മാരില്ല; അത്യാഹിതവിഭാഗം താല്‍ക്കാലികമായി നിര്‍ത്തി

വൈപ്പിന്‍: ഞാറക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അപര്യാപ്തത കാരണം തിങ്കളാഴ്ച മുതല്‍ കാഷ്വല്‍റ്റി സൗകര്യം നിര്‍ത്തി വെച്ചു. ജനസാന്ദ്രതയേറിയ വൈപ്പിന്‍ ദ്വീപില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വല്‍റ്റി സൗകര്യമുള്ള ഏക സര്‍ക്കാര്‍ ആശുപത്രിയായിരുന്നു ഇത്. കിടത്തിച്ചികിത്സയുള്ള മറ്റു ആശുപത്രികളില്‍ രാത്രി കാഷ്വല്‍റ്റി സൗകര്യം ഇല്ല. കാഷ്വല്‍റ്റി സൗകര്യം നിര്‍ത്തിയതില്‍ കേരള പ്രതികരണ സമിതി പ്രതിഷേധിച്ചു. സമിതി മനുഷ്യാവകാശ കമീഷന് പൊതുതാല്‍പര്യ ഹരജി നല്‍കി. ഞാറക്കല്‍, പുതുവൈപ്പ്, എടവനക്കാട്, മാലിപ്പുറം തുടങ്ങി എന്നീ കടലോര-കായലോര പ്രദേശങ്ങളിലെ നിര്‍ധനര്‍ക്ക് ഇതുമൂലം ചികിത്സ തേടാന്‍ ഏറെ ക്ളേശിക്കേണ്ടി വരുമെന്ന് ഹരജിയില്‍ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവുകളെ സംബന്ധിച്ച് 23ന് ആശുപത്രി സൂപ്രണ്ട് എം.കെ.വിമല ജില്ലാ കലക്ടര്‍ക്കും, ഡി.എം.ഒ ക്കും രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ളെന്ന് പ്രതികരണ സമിതി ചെയര്‍മാന്‍ എന്‍.ജി. ശിവദാസന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രികളെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളില്‍നിന്നും ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.