ബസുകള്‍ കട്ടപ്പുറത്ത്; കെ.എസ്.ആര്‍.ടി.സി മൂവാറ്റുപുഴ ഡിപ്പോ പ്രവര്‍ത്തനം താളം തെറ്റി

മൂവാറ്റുപുഴ: 40ഓളം ബസ് കട്ടപ്പുറത്തായതോടെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ പ്രവര്‍ത്തനം താളം തെറ്റി. 97 ബസ് ഉണ്ടായിരുന്ന ഈ ഡിപ്പോയില്‍ നിലവില്‍ 54 ബസാണ് സര്‍വിസ് നടത്തുന്നത്. ഇതില്‍ പലതും തകരറിലായി വഴിയില്‍ കിടക്കുന്നതിനാല്‍ ഷെഡ്യൂളുകളുടെ എണ്ണം അമ്പതില്‍ താഴെയായി. 30 കെ.എസ്.ആര്‍.ടി.സിയും 10 ലോഫ്ളോറുകളുമാണ് കട്ടപ്പുറത്ത്. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ ഒന്നായ മൂവാറ്റുപുഴ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ച് ആറുപതിറ്റാണ്ട് പിന്നിടുമ്പോഴും തകര്‍ച്ചയാണുള്ളത്. 77 കെ.എസ്.ആര്‍.ടി.സി ബസുകളും 20 നോണ്‍ എ.സി ലോഫ്ളോര്‍ ബസാണ് കണക്കിലുള്ളത്. എന്നാല്‍, 40 ബസ് ഒഴിവാക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ചിലത് തല്‍ക്കാലം ഓടിക്കാമായിരുന്നിട്ടും സ്പെയര്‍ പാര്‍ട്സ് അനുവദിക്കാത്തതിനാല്‍ ഇതും കട്ടപ്പുറത്താണ്. സംസ്ഥാനത്ത് മാന്യമായ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണിത്. എന്നിട്ടും പുതിയ ബസുകളും സ്പെയര്‍ പാര്‍ട്സുമില്ലാതെ ഡിപ്പോയെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന നിലപാടാണ് അധികൃതര്‍ കാണിക്കുന്നത്. ബസുകള്‍ കട്ടപ്പുറത്തായി ഷെഡ്യൂളുകള്‍ മുഴുവന്‍ താറുമാറായിട്ടും നടപടിയില്ല. മൂവാറ്റുപുഴ-എറണാകുളം ദേശസാത്കൃത റൂട്ടിലടക്കം യാത്രാക്ളേശം രൂക്ഷമായി. മണിക്കൂറുകള്‍ കാത്തുനിന്നാലെ ബസ് കിട്ടൂവെന്ന അവസ്ഥയാണ്. പല പ്രധാന റൂട്ടുകളിലും സര്‍വിസ് മുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. 20 മിനിറ്റ് ഇടവിട്ട് കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തിയിരുന്ന എറണാകുളം റൂട്ടില്‍ പകുതിയായാണ് വെട്ടിക്കുറച്ചത്. ഇതിനുപുറമെ കെ.എസ്.ആര്‍.ടി.സിയെ മാത്രം ആശ്രയിച്ചിരുന്ന ആട്ടായം വഴി കോതമംഗലത്തേക്കുള്ള സര്‍വിസും പായിപ്ര, മാനാറി സര്‍വിസുകളും കടലാസില്‍ മാത്രമായിട്ട് മാസങ്ങളായി. ഒറ്റ വണ്ടി മാത്രം ഓടുന്ന റൂട്ടില്‍ സര്‍വിസ് മുടക്കരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് ഈ സ്ഥിതി.കോടികള്‍ മുടക്കി ബസ് സ്്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ബസില്ലാതെ വലയുകയാണ് യാത്രക്കാര്‍. ഒഴിവാക്കിയ 40 ബസുകള്‍ക്ക് പകരം പുതയത് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നടപടിയില്ല. അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകുന്നില്ളെന്ന് ജീവനക്കര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.