ആലുവ നഗരസഭയില്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍മാരെ തീരുമാനിച്ചു സ്റ്റാന്‍ഡിങ് കമ്മിറ്റി സമവായമായില്ല; രണ്ട് സ്ഥാനത്തില്‍ ഉറച്ച് ഇടതുപക്ഷം

ആലുവ: നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ ധാരണയായില്ല. ഇതേതുടര്‍ന്ന് ഭൂരിപക്ഷം അംഗങ്ങളും മത്സരിക്കാന്‍ തീരുമാനിച്ചു. ഇവര്‍ നാമനിര്‍ദേശപത്രിക നല്‍കുകയും ചെയ്തു. അതിനിടെ നാല് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് കോണ്‍ഗ്രസ് ചെയര്‍മാന്‍മാരെ തീരുമാനിച്ചതായി നഗരസഭ ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം പറഞ്ഞു. ക്ഷേമകാര്യ ചെയര്‍മാനായി വി. ചന്ദ്രനെ നിശ്ചയിച്ചു. മരാമത്ത് കമ്മിറ്റിയില്‍ രണ്ടര വര്‍ഷം വീതം മൂസാക്കുട്ടി, ജെറോം മൈക്ക്ള്‍ എന്നിവര്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചു. വികസന കമ്മിറ്റിയില്‍ ലീനയെയും ആരോഗ്യ കമ്മിറ്റിയില്‍ ടിമ്മി ടീച്ചറെയും ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് നിര്‍ത്തും. വിദ്യാഭ്യാസ കമ്മിറ്റി ഇടതുപക്ഷത്തിന് നല്‍കുമെന്ന് ലിസി എബ്രഹാം പറഞ്ഞു. എന്നാല്‍, തങ്ങള്‍ക്ക് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ചെയര്‍മാന്‍ സ്ഥാനം വേണമെന്ന നിലപാടിലാണ് ഇടതുപക്ഷം. ഇതേതുടര്‍ന്ന് ഇടതുപക്ഷത്തെ ഒമ്പത്പേരും മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക നല്‍കി. ധനകാര്യം, വികസനം, വിദ്യാഭ്യാസം കമ്മിറ്റികളിലാണ് മൂന്ന് വീതം നാമനിര്‍ദേശപത്രികകള്‍ നല്‍കിയത്. കോണ്‍ഗ്രസ് ധനകാര്യത്തില്‍ ഒരു നാമനിര്‍ദേശപത്രിക മാത്രമാണ് നല്‍കിയത്. ഇവിടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആകുന്ന നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അടക്കം അഞ്ച് അംഗങ്ങളാണുണ്ടാകേണ്ടത്. അതിനാല്‍ തന്നെ ഇടതുപക്ഷം അവകാശവാദം ഉന്നയിക്കുന്ന വികസനം, വിദ്യാഭ്യാസം കമ്മിറ്റികളില്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ ധനകാര്യത്തില്‍ ഇതുപക്ഷത്തെ മൂന്നുപേരും മത്സരിക്കുകയും വിജയിക്കുകയും ചെയ്യും. ഇതോടെ ബജറ്റ് അവതരണം അടക്കമുള്ള കാര്യങ്ങളില്‍ ഭരണപക്ഷമായ കോണ്‍ഗ്രസ് വിയര്‍ക്കേണ്ടിവരും. സി.പി.എമ്മിലെ ലോലിത ശിവദാസ്, സി.പി.ഐയിലെ ഓമന ഹരി എന്നിവരെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരാക്കാനാണ് ഇടതുപക്ഷ തീരുമാനം. ഇതിനിടയില്‍ ബി.ജെ.പി അംഗം സന്തോഷ്കുമാറും കോണ്‍ഗ്രസ് വിമതന്‍മാരിലൊരാളായ ജയകുമാറും മത്സരരംഗത്തുനിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.