സൗകര്യങ്ങളില്ലാത്തത് 40 ശതമാനത്തിന്സംസ്ഥാനത്തെ ഓൺലൈൻ പഠനം ആശങ്കയിൽ

സൗകര്യങ്ങളില്ലാത്തത് 40 ശതമാനത്തിന് നാളെ മുതൽ പഠനം ഓൺലൈനിൽ; ആശങ്കയൊഴിയുന്നില്ല ചെറുവത്തൂർ: മതിയായ സൗകര്യങ്ങൾ ഒരുക്കാതെ അധ്യയന വർഷാരംഭമായ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന ഓൺലൈൻ പഠനത്തിൽ പരക്കെ ആശങ്ക. ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. എന്നാൽ, സംസ്ഥാനത്തെ 40 ശതമാനത്തോളം വിദ്യാർഥികൾക്ക് ഇത്തരം സൗകര്യങ്ങൾ ഇല്ല. കമ്പ്യൂട്ടർ, ലാപ്ടോപ്, ടി.വി, കേബിൾ കണക്ഷൻ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ മൂന്നാഴ്ച മുമ്പുതന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ സൗകര്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അധികൃതരെ അറിയിച്ചിട്ടും ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് അവ അനുവദിക്കാൻ നടപടിയുണ്ടായില്ല. ഇതോടെ ഒരുവിഭാഗം കുട്ടികൾ പഠനം ഓൺലൈൻ വഴി ആസ്വദിക്കുമ്പോൾ മറ്റൊരു വിഭാഗം ഇതൊന്നുമറിയാത്തവരാകും. വിക്ടേഴ്സ് ചാനൽ വഴി രാവിലെ 8.30 മുതലാണ് ക്ലാസുകൾ തുടങ്ങുക. പ്ലസ് ടുവിന് രണ്ട് മണിക്കൂറും ഹൈസ്കൂളിന് ഒരു മണിക്കൂറും ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകൾക്ക് അരമണിക്കൂർ വീതവുമാണ് ക്ലാസ്. എന്നാൽ, പ്രൈമറി ക്ലാസിൽ കുട്ടികളുമായി ചങ്ങാത്തം ഉണ്ടാക്കാൻ മാത്രം ഒരു മണിക്കൂറോളം സമയം വേണം. എൽ.പി ക്ലാസിലെ ഓൺലൈൻ പഠനത്തിലാണ് രക്ഷിതാക്കൾക്ക് ഏറെ ആശങ്കയുള്ളത്. ഒന്നാം തരത്തിലേക്ക് പുതുതായി എത്തുന്ന വിദ്യാർഥിയെ പഠനത്തിൻെറ തലത്തിലേക്ക് ഉയർത്താൻ മാത്രം കളിയും പാട്ടുമായി ഒരു മാസത്തോളം സമയം വേണം. ഇതൊന്നുമില്ലാതെയാണ് പുതിയ പഠനം ആരംഭിക്കുന്നത്. ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപകർക്ക് ക്ലാസ് ചുമതല നൽകിയിട്ടില്ല. അതിനാൽ, കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ നൽകുക എന്നതും സാധിക്കാതെ വരും. കേരളത്തിൽ അധ്യയന വർഷം ആരംഭിച്ചു എന്നത് പറയുന്നതിലേക്ക് മാത്രമായി ഓൺലൈൻ പഠനം മാറിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.