കോവിഡ്​ പോരാളികൾക്ക്‌ ആദരമായി ചിത്രോപഹാരം

കാസർകോട്: 'ദ അൺ സങ് ഹീറോസ്' എന്ന പേരിൽ യുവ ആർക്കിടെക്റ്റിൻെറ അപൂർവ ചിത്രോപഹാരം. കോവിഡ് മഹാമാരിക്കെതിരെ ജീവൻ അവഗണിച്ചും പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റു മുന്നണിപ്പോരാളികൾക്കും ആദരമൊരുക്കുകയാണ് ആർക്കിടെക്റ്റും യുവ ചിത്രകാരിയുമായ റഹില അബ്ദുല്ല റംസീർ. കോഫിയും സ്പൂണും ചേർത്തൊരുക്കിയ കലാസൃഷ്ടിയിലൂടെയാണ് റഹില ആരോഗ്യ പ്രവർത്തകർക്ക് ആദരമൊരുക്കിയത്. നിറക്കൂട്ടുകൾക്കു പകരം കോഫിയും ബ്രഷിനു പകരം സ്പൂണും ഉപയോഗിച്ചാണ് കാൻവാസിൽ 'ദ അൺ സങ് ഹീറോസ്' ഒരുക്കിയത്. കാപ്പിപ്പൊടി നിറത്തിൽ സ്റ്റെതസ്കോപ്പും കഴുത്തിലിട്ട്, പി.പി.ഇ കിറ്റ് അണിഞ്ഞ നിശ്ചയദാർഢ്യത്തോടെയും വിജയപ്രതീക്ഷയോടെയും നിൽക്കുന്ന ആരോഗ്യ പ്രവർത്തകനെയാണ് ചിത്രീകരിച്ചത്. ലോക്ഡൗണ്‍ ആയതിനാല്‍ ചിത്രകലാ സൃഷ്ടിക്ക് ആവശ്യമായ സാധനങ്ങളൊന്നും കൈവശമുണ്ടായിരുന്നില്ല. ഇതോടെ റഹിലയും സുഹൃത്തും കൂടി 'നോ ടൂള്‍ ചലഞ്ച്' എന്ന പേരില്‍ കാമ്പയിന് തുടക്കമിട്ടു. കൈവശമുള്ള വസ്തുക്കള്‍ വെച്ച് ആര്‍ട്ട് വര്‍ക്ക് ചെയ്യാനുള്ള കാമ്പയിനായിരുന്നു ഇത്. ഇതിൻെറ കൂടി ഭാഗമായാണ് റഹില വേറിട്ട ചിത്രമൊരുക്കിയത്. കാഞ്ഞങ്ങാട് സ്വദേശിനിയായ റഹില ചിത്രകലയിൽ പുതുസങ്കേതങ്ങളും ആശയങ്ങളും പരീക്ഷിക്കുന്നുണ്ട്. നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയിട്ടുണ്ട്. കാലിഗ്രഫിയിലും പ്രതിഭ തെളിയിച്ചു. ഭർത്താവ് റംസീർ വൈദ്യമ്പത്ത് പിന്തുണയുമായി ഒപ്പമുണ്ട്. പരേതനായ കമ്മാടം കുഞ്ഞബ്ദുല്ലയുടെയും റംലയുടെയും മകളാണ്. കോഴിക്കോടാണ് താമസം. ഏക മകൻ റെൻസ് അബ്ദുല്ല റംസിർ. റെജുല, റഷ, അബീർ പർവീൺ എന്നിവരാണ് സഹോദരങ്ങൾ. സർക്കാർ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളജിന് 'ദ അൺ സങ് ഹീറോസ്' റഹില അബ്ദുല്ല റംസിർ കൈമാറി. ജില്ല കലക്ടർ ഡി. സജിത് ബാബു ആദരചിത്രം ഏറ്റുവാങ്ങി. പടം ksd art: കോവിഡ് പോരാളികൾക്ക്‌ ആദരമായി റഹില തയാറാക്കിയ കോഫി വിത്ത് സ്പൂൺ ആർട്ട് വർക്ക് ജില്ല കലക്ടർ ഡി. സജിത് ബാബുവിന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.