നീലേശ്വരത്ത് ആൾത്താമസമില്ലാത്ത വീട് കത്തിനശിച്ചു

നീലേശ്വരം: നഗരസഭ പരിധിയിലെ മൂന്നാംകുറ്റിയിൽ ആൾത്താമസമില്ലാത്ത വീട് കത്തിനശിച്ചു. മൂന്നാംകുറ്റിയിലെ ചന്ദ്രൻെറ ഓടിട്ട വീടാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. ചന്ദ്രനും കുടുംബവും മറ്റൊരു വീട്ടിൽ താമസം തുടങ്ങിയിരുന്നു. ചിതലിന് പുകയിക്കാനായി കത്തിച്ച തീയാണ് പിന്നീട് ആളിപ്പടർന്ന് വീട് മുഴുവൻ കത്തിനശിക്കാൻ കാരണമായത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻെറ നേതൃത്വത്തിൽ രണ്ടു യൂനിറ്റുകൾ എത്തിച്ചേർന്ന് തീയണച്ചതിനാൽ സമീപ വീടുകളിലേക്ക് തീ ആളിപ്പടർന്ന് അത്യാഹിതം ഒഴിവാക്കാൻ സാധിച്ചു. അഗ്നിക്കിരയായ വീട്ടിൽ ആൾത്താമസം ഇല്ലാത്തതിനാൽ ആളപായവും ഒഴിവായി. കത്തിനശിച്ച വീട് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, വൈസ് ചെയർപേഴ്സൻ വി. ഗൗരി, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി.എം. സന്ധ്യ, കൗൺസിലർ എ.വി. സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. വീട്ടുടമക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.