കര്‍ണാടകയില്‍ കുടുങ്ങിയ വിദ്യാർഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരമൊരുക്കും

കാസർകോട്: ഇപ്പോൾ കര്‍ണാടകയിലുള്ള, കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയെഴുതേണ്ട വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനുള്ള ബസ് സൗകര്യം ജില്ല ഭരണകൂടം ഒരുക്കുമെന്ന് കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. പരീക്ഷയെഴുതേണ്ട വിദ്യാർഥികള്‍ covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികള്‍ മേയ് 25ന് രാവിലെ പത്തിനുമുമ്പ് മഞ്ചേശ്വരം തലപ്പാടി അതിര്‍ത്തി ചെക്പോസ്റ്റില്‍ എത്തണം. ഇവരെ ജില്ല ഭരണകൂടം ഏര്‍പ്പെടുത്തുന്ന പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസുകളില്‍ അതത് വിദ്യാലയങ്ങളില്‍ എത്തിക്കും. പത്താംതരം പരീക്ഷ എഴുതേണ്ട 297 വിദ്യാർഥികളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 33 കുട്ടികള്‍ സ്വന്തമായി എത്തി പരീക്ഷയെഴുതാമെന്ന് അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്ന 264 പത്താംതരം വിദ്യാര്‍ഥികളും കര്‍ണാടകയിലുള്ള പ്ലസ് ടു വിദ്യാർഥികളും കോവിഡ് –19 ജാഗ്രതാ പോര്‍ട്ടലില്‍ പരീക്ഷയെഴുതുന്ന വിദ്യാലയത്തിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിക്കായി രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സബ്കലക്ടര്‍ പാസ് അനുവദിക്കും. പാസ് ലഭിക്കാന്‍ കാലതാമസം ഉണ്ടായാലും രജിസ്റ്റര്‍ ചെയ്ത രേഖയുമായി മേയ് 25ന് രാവിലെ പത്തിനുമുമ്പ് തലപ്പാടി അതിര്‍ത്തി ചെക്പോസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യണം. പത്താംതരം വിദ്യാർഥികള്‍ക്ക് സംശയ നിവാരണത്തിനും രജിസ്റ്റര്‍ ചെയ്യുന്നതിനും മഞ്ചേശ്വരം എ.ഇ.ഒ ദിനേശനെ നോഡല്‍ ഓഫിസറായി (9496358767) നിയമിച്ചു. പ്ലസ് ടു വിദ്യാർഥികളുടെ സംശയ ദൂരീകരണത്തിനും രജിസ്റ്റര്‍ ചെയ്യുന്നതിനും ബേത്തൂര്‍പാറ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പൽ ശശിയെ (9539412753) നോഡല്‍ ഓഫിസറായി നിയമിച്ചു. ഒരു ബസില്‍ 30 വിദ്യാർഥികൾക്ക് സൗകര്യമൊരുക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, കാസര്‍കോട് ഡി.ഇ.ഒ നന്ദികേശന്‍, കാഞ്ഞങ്ങാട് ഡി.ഇ.ഒ സരസ്വതി, കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാസര്‍കോട് മാനേജര്‍ കുഞ്ഞിരാമന്‍ എന്നിവര്‍ സംബന്ധിച്ചു. മാസ്‌ക് ധരിക്കാത്തതിന് 364 പേര്‍ക്കെതിരെ കേസ് കാസർകോട്: മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ വെള്ളിയാഴ്ച 364 പേര്‍ക്കെതിരെ കേസെടുത്തു. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2361 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3009 പേരെ അറസ്റ്റുചെയ്തു. 955 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മേയ് 20ന് അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുമ്പള -1, ബേഡകം - 1, രാജപുരം -2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറുപേരെ അറസ്റ്റുചെയ്തു. നാല് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.