കോവിഡ്​ നിയന്ത്രണ സെല്ലിൽ മാതൃകാ പ്രവർത്തനവുമായി മെഡിക്കൽ വിദ്യാർഥി സംഘം

കാഞ്ഞങ്ങാട്‌: ജില്ലയിൽ കോവിഡ്‌ നിയന്ത്രണ പ്രവർത്തനങ്ങൾ പൂർണതയിലേക്കെത്തിക്കൊണ്ടിരിക്കുമ്പോൾ രണ്ടുമാസമായി ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ ഉറക്കമൊഴിഞ്ഞിരിക്കുന്ന നാലുപേരുണ്ട്‌ ജില്ലതല കോവിഡ്‌ നിയന്ത്രണ സെല്ലിൽ. മാവുങ്കാൽ സ്വദേശിയും കോഴിക്കോട്‌ മലബാർ മെഡിക്കൽ കോളജ് നാലാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ വി.വി. അർജുൻ, മടിക്കൈ വെള്ളൂട സ്വദേശിയും ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ ശ്രുതിൻ മോഹൻ, പള്ളിക്കര പെരിയാട്ടടുക്കം സ്വദേശിയും തൊടുപുഴ അൽ അസർ മെഡിക്കൽ കോളജ്‌ മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ ജി.എസ്‌. ശ്രീയേഷ്‌ മണികണ്ഠൻ, ബേഡഡുക്ക കൊളത്തൂർ സ്വദേശിയും കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളജ്‌ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുമായ ആശ്രയ്‌ കുമാർ എന്നിവരാണ്‌ നാട്‌ സമാനതകളില്ലാത്ത ദുരന്തത്തെ നേരിടുമ്പോൾ സന്നദ്ധ സേവനത്തിൻെറ ഉദാത്ത മാതൃകകളാകുന്നത്‌. കോവിഡ്‌ കൺട്രോൾ സെല്ലിലെ ഫോണുകളിലേക്ക്‌ രാത്രിയെത്തുന്ന, രോഗബാധയെക്കുറിച്ചും ക്വാറൻറീനെക്കുറിച്ചും യാത്രാപാസുകളെക്കുറിച്ചുമുള്ള സംശയങ്ങൾക്ക്‌ മറുപടി പറയുന്നത്‌ ഇവരാണ്‌. ജില്ലക്കകത്തുനിന്നും പുറത്തുനിന്നും മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരെ കാളുകളെത്താറുണ്ട്‌. ലോക്‌ഡൗൺ മൂലം മെഡിക്കൽ കോളജിൽ ക്ലാസുകളിലെങ്കിലും പകൽ സമയങ്ങളിൽ ഓൺലൈൻ ക്ലാസുകളിലും മറ്റ്‌ പഠന പ്രവർത്തനങ്ങളിലും ഇവർ പങ്കെടുക്കാറുണ്ട്‌. നാടിനൊരാവശ്യം വരുമ്പോൾ തങ്ങളാൽ കഴിയുന്ന സന്നദ്ധ സേവനം ചെയ്യുന്നതിൽ സന്തോഷമേ ഉള്ളൂവെന്ന് ഈ മെഡിക്കൽ വിദ്യാർഥികൾ പറയുന്നു. students ജില്ലതല കോവിഡ്‌ നിയന്ത്രണ സെല്ലിൽ രാത്രികാല ജോലിയിലേർപ്പെട്ടിരിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.