നോട്ടിനായി നീണ്ട നിര

കാസര്‍കോട്: പിന്‍വലിച്ച 1000, 500 നോട്ടുകള്‍ക്ക് പകരം പുതിയ ത് വാങ്ങാന്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പോസ്റ്റ് ഓഫിസുകളില്‍ ഉച്ചവരെയും പുതിയ നോട്ടുകള്‍ എത്താത്തതിനാല്‍ ആളുകള്‍ ക്യൂവില്‍ കാത്തിരുന്ന് വലഞ്ഞു. പലരും നിരാശരായി മടങ്ങി. ബാങ്കുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സഹായം വേണ്ടിവന്നു. കാസര്‍കോട് ഹെഡ്പോസ്റ്റ് ഓഫിസ് ഉള്‍പ്പെടെ ജില്ലയിലെ പോസ്റ്റ് ഓഫിസുകളില്‍ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ അതിരാവിലെയത്തെിയ സ്ത്രീകളും പ്രായമേറിയവരും വൈകീട്ടുവരെ കാത്തുനില്‍ക്കേണ്ട സ്ഥിതിയായിരുന്നു. വിദ്യാനഗര്‍ എസ്.ബി.ഐ ബ്രാഞ്ച് ഉള്‍പ്പെടെ മിക്ക ബാങ്കുകള്‍ക്ക് മുന്നിലും നീണ്ട ക്യൂ കാണാമായിരുന്നു. തിരക്ക് നിയന്ത്രണാതീതമായേക്കുമെന്ന ആശങ്കയില്‍ ബാങ്ക് അധികൃതര്‍ ജില്ല പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മിക്ക ബാങ്കുകളിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. കാസര്‍കോട് ഫെഡറല്‍ ബാങ്കില്‍ ഇന്നലെ പുതിയ നോട്ടുകളുടെ കൈമാറ്റം നടന്നില്ല. പുതിയ നോട്ടുകള്‍ ഹെഡ് ഓഫിസില്‍നിന്ന് എത്താന്‍ വൈകിയതാണ് കാരണം. വെള്ളിയാഴ്ച പുതിയ നോട്ടുകള്‍ വിതരണം ചെയ്യാനാകുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. നോട്ടുകള്‍ കിട്ടാനുള്ള പ്രയാസംകാരണം പലരും മാറ്റിയെടുക്കേണ്ട തുക അക്കൗണ്ടില്‍ നിക്ഷേപിച്ച് അടുത്തദിവസം എ.ടിഎമ്മില്‍നിന്ന് പിന്‍വലിക്കാമെന്ന പ്രതീക്ഷയില്‍ മടങ്ങി. സ്വര്‍ണക്കടകളും തുണിക്കടകളും ഉള്‍പ്പെടെ വ്യാപാരസ്ഥാപനങ്ങളില്‍ കഴിഞ്ഞ രണ്ടു ദിവസമായി കച്ചവടം സ്തംഭിച്ച അവസ്ഥയിലായിരുന്നു. കാഞ്ഞങ്ങാട്: സ്റ്റേറ്റ് ബാങ്കിന് മുന്നിലും പോസ്റ്റ് ഓഫിസിന് മുന്നിലും ഇന്നലെ ജനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ഇവരെ നിയന്ത്രിക്കാന്‍ പൊലീസും എത്തിയതോടെ സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന രാംനഗര്‍ റോഡില്‍ ഗതാഗതതടസ്സവും അനുഭവപ്പെട്ടു. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍വരെ കഴിയാതെ പ്രതിസന്ധിയിലാണ് ജനം. എന്നാല്‍, ടെലിഫോണ്‍ എക്സ്ചേഞ്ചില്‍പോലും ബില്ലടക്കാന്‍ പഴയ 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കാത്ത അവസ്ഥയാണ്. നോട്ടിനായി കാഞ്ഞങ്ങാട് നഗരത്തില്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂനിന്ന് ജനം തളര്‍ന്നു. മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്ക് മുന്നിലും രാവിലെ മുതല്‍ നല്ല ക്യൂ ആയിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ക്യൂ ഏര്‍പ്പെടുത്തിയതിനാല്‍ പലയിടത്തും തര്‍ക്കങ്ങള്‍ ഉടലെടുത്തു. എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് തുടങ്ങിയ പൊതുമേഖലാ ബാങ്കുകളില്‍ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടത്. ടോക്കണ്‍ മുഖേനയാണ് കാഞ്ഞങ്ങാട് പോസ്റ്റ് ഓഫിസുകളില്‍ നോട്ടുമാറ്റല്‍ പ്രക്രിയ നടന്നത്. 150ല്‍ എത്തിയതോടെ ഇന്നലത്തെ ടോക്കണ്‍ നിര്‍ത്തി. ഇന്നലെയും നഗരത്തില്‍ വ്യാപാരമാന്ദ്യം അനുഭവപ്പെട്ടു. ഇന്ന് എ.ടി.എമ്മുകള്‍കൂടി തുറന്നുപ്രവര്‍ത്തിക്കുന്നതോടെ വ്യത്യാസമുണ്ടാകുമെന്നാണ് കരുതുന്നത്. ചെറുവത്തൂര്‍: ചെറുവത്തൂര്‍ പ്രദേശത്തെ വിവിധ ബാങ്കുകളില്‍ പണം മാറാന്‍ നേരം പുലര്‍ന്നത് മുതല്‍ വന്‍ ജനാവലിയത്തെി. കൈയിലുള്ള അഞ്ഞൂറ്, ആയിരം നോട്ടുകള്‍ മാറാനും ഡെപ്പോസിറ്റ് ചെയ്യാനുമായാണ് നൂറുകണക്കിനാളുകള്‍ എത്തിയത്. ചെറുവത്തൂരിലെ ഹെഡ് പോസ്റ്റ് ഓഫിസിലും പണം മാറി നല്‍കി. കുമ്പള: വ്യാഴാഴ്ച രാവിലെ ബാങ്കുകള്‍ തുറക്കുന്നതുംകാത്ത് നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ഇതര ഇടപാടുകള്‍ക്കായി ബാങ്കിലത്തെിയവര്‍ക്കും മണിക്കൂറുകളോളം ക്യൂവില്‍ കാത്തുനിന്നാണ് ബാങ്കിനകത്തേക്ക് പ്രവേശിക്കാനായത്. ആളുകളെ നിയന്ത്രിക്കാനും കണക്കുകള്‍ രേഖപ്പെടുത്താനും പ്രയാസം നേരിട്ടതിനാല്‍ ഉച്ചക്കുശേഷം രണ്ടു മണിക്കൂറോളം വിജയ ബാങ്ക് കുമ്പള ശാഖ അടച്ചിടേണ്ടിവന്നു. എസ്.ബി.ഐയില്‍ ആറുമണി കഴിഞ്ഞിട്ടും തിരക്കൊഴിഞ്ഞില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.