‘പാര്‍വതി’യില്‍ ആഹ്ളാദത്തിന് അവധി പെരുമ്പളക്ക് ആഘോഷത്തിന്‍െറ നാളുകള്‍

കാസര്‍കോട്: വീട്ടുകാരന്‍ മന്ത്രിയായിട്ടും ‘പാര്‍വതി’യില്‍ ഇന്നലെ ആഹ്ളാദത്തിന് അവധിയായിരുന്നു. ഇ. ചന്ദ്രശേഖരനെ നിയമസഭാ പാര്‍ട്ടി ലീഡറായും മന്ത്രിയായും തെരഞ്ഞെടുത്തുകൊണ്ടുള്ള സി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാനം പുറത്തുവന്നതോടെ പെരുമ്പളയിലെ ഇ. ചന്ദ്രശേഖരന്‍െറ വീടായ ‘പാര്‍വതി’യിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴുകിയത്തെി. എന്നാല്‍, വരുന്നവര്‍ക്ക് നല്‍കാന്‍ ഒരു ചുവന്ന ലഡു അല്ലാതെ മറ്റ് ആഹ്ളാദാരവങ്ങള്‍ക്ക് അവിടെ വഴിയില്ലായിരുന്നു. ചന്ദ്രശേഖരനോട് കളിമതിയാക്കി കാര്യത്തിലേക്ക് കടക്കാന്‍ നിര്‍ദേശിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി നല്‍കിയ സഹോദരന്‍ ഇ. കൃഷ്ണന്‍ മാസ്റ്റര്‍ ഇക്കഴിഞ്ഞ മേയ് മൂന്നിനാണ് നിര്യാതനായത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ജ്യേഷ്ഠന്‍ മരിക്കുന്നത്. അര്‍ബുദബാധിതനായി ഏറെ കാലം ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് ഇ.കെ. മാസ്റ്റര്‍ ചന്ദ്രശേഖരന്‍ ചവുട്ടികയറുന്ന ഒരോപദവിയും സന്തോഷത്തോടെ കാണുകയായിരുന്നു. രാഷ്ട്രീയത്തിലെ നീതിബോധം ചന്ദ്രശേഖരനെ പഠിപ്പിച്ചത് ജ്യേഷ്ഠനാണ്. അര്‍ബുദബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോള്‍ കാരുണ്യയില്‍ നിന്ന് രണ്ടുലക്ഷംവരെ ലഭിക്കും എന്ന് സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചു. അതിനുള്ള മാനദണ്ഡം എന്താണെന്ന് ചോദ്യം. മൂന്നുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് പറഞ്ഞപ്പോള്‍ എന്‍െറ കുടുംബത്തിന് ഇപ്പോള്‍ അതില്‍കൂടുതല്‍ വരുമാനമുണ്ട് അതുകൊണ്ട് അര്‍ഹതയുള്ളവര്‍ക്ക് ലഭിക്കട്ടെയെന്ന് അദ്ദേഹം. ഈ ജ്യേഷ്ഠന്‍െറ അനുജനാണ് നിയുക്ത മന്ത്രി ഇ. ചന്ദ്രശേഖരന്‍. പാര്‍ട്ടി പിളരുമ്പോള്‍ പെരുമ്പളയില്‍ മൂന്നു പാര്‍ട്ടി അംഗങ്ങള്‍ മാത്രമായിരുന്ന സി.പി.ഐക്ക് പാര്‍ട്ടിഗ്രാമം സൃഷ്ടിച്ചത് ചന്ദ്രശേഖരനാണ്. സി.പി.ഐക്ക് മാത്രം ജയിക്കാവുന്ന വാര്‍ഡായി തന്‍െറ നാടിനെ അദ്ദേഹം മാറ്റിയെടുത്തത് സമരത്തിന്‍െറയും സത്യത്തിന്‍െറയും വഴിയിലൂടെയാണ്. ജില്ല നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT