ചീമേനി ഐ.ടി പാര്‍ക്കിന് വീണ്ടും പ്രതീക്ഷയുടെ കിരണം

ചെറുവത്തൂര്‍: ജില്ലയുടെ സ്വപ്നപദ്ധതിയായ ചീമേനി ഐ.ടി പാര്‍ക്കിന് വീണ്ടും പ്രതീക്ഷയുടെ കിരണം. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്ന സാഹചര്യത്തിലാണിത്. ചീമേനി ഐ.ടി പാര്‍ക്ക് യാഥാര്‍ഥ്യമാക്കുമെന്നത് തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുമുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. കയ്യൂര്‍-ചീമേനി പഞ്ചായത്തുകാരനായ എം.എല്‍.എയെ കൂടി കിട്ടിയ സാഹചര്യത്തില്‍ ഉടന്‍ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2009ലാണ് ചീമേനി ഐ.ടി പാര്‍ക്കിന് തറക്കല്ലിട്ടത്. കാസര്‍കോടിന്‍െറ മുഖച്ഛായ മാറുംവിധത്തിലുള്ള വികസന കുതിപ്പിന് സാക്ഷ്യമാകുമെന്ന പ്രഖ്യാപനവുമായാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. എന്നാല്‍, ഏഴുവര്‍ഷം കഴിഞ്ഞിട്ടും ഐ.ടി പാര്‍ക്ക് നിര്‍മാണം ചുറ്റുമതിലില്‍ മാത്രം ഒതുങ്ങി. 100 ഏക്കര്‍ സ്ഥലത്താണ് ഐ.ടി പാര്‍ക്ക് നിര്‍മാണം നടത്താന്‍ തീരുമാനിച്ചത്. പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ വിട്ടുകൊടുത്ത ഭൂമിയാണിത്. വ്യവസായ വകുപ്പിന്‍െറ അധീനതയിലാണ് ഭൂമി ഇപ്പോഴുള്ളത്. 25 ഏക്കര്‍ ഭൂമിയില്‍ ഐ.ടി വ്യവസായവും 75 ഏക്കറില്‍ അനുബന്ധ വ്യവസായങ്ങളും തുടങ്ങാനായിരുന്നു തീരുമാനം. 26 കോടി രൂപയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. മൂന്ന് കോടി രൂപ ചെലവഴിച്ചുള്ള ചുറ്റുമതില്‍ നിര്‍മാണം മാത്രമാണ് ഇതിനകം പൂര്‍ത്തീകരിച്ചത്. പ്രത്യേക സാമ്പത്തിക മേഖല (സെസ്)യായി പരിഗണിച്ച് ആനുകൂല്യം ലഭിക്കാനാണ് 25 ഏക്കര്‍ ഭൂമി ഐ.ടി വ്യവസായത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. സെസിന്‍െറ കാലാവധി രണ്ടുവര്‍ഷം മാത്രമാണ്. എന്നാല്‍, പാര്‍ക്ക് അനുവദിച്ച് ഏഴ് വര്‍ഷമാകുന്നതിനാല്‍ ഈ നിലക്കുള്ള ആനുകൂല്യങ്ങളും നഷ്ടമാകും. മൂന്ന് മീറ്റര്‍ ഉയരത്തിലാണ് മതില്‍ നിര്‍മിച്ചത്. ഇതില്‍ അരമീറ്റര്‍ കരിങ്കല്ലുകൊണ്ടും ബാക്കി കമ്പിവേലി ഉപയോഗിച്ചുമാണ്. മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായി ഐ.ടി പാര്‍ക്ക് മാറുമെന്ന പ്രതീക്ഷയിലാണ് ചീമേനിക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.