കാസര്‍കോട് നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണം; മാലിന്യനീക്കം നിലച്ചു

കാസര്‍കോട്: കാസര്‍കോട് നഗരം നാഥനില്ലാത്ത അവസ്ഥയിലാണെന്ന ആക്ഷേപം ശക്തമായി. നഗരസഭാ ഓഫിസ് ഏതാണ്ട് പൂര്‍ണമായി ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായി. പദ്ധതികളുടെ നിര്‍വഹണവും ഓഫിസ് പ്രവര്‍ത്തന ശൈലിയും നിശ്ചയിക്കുന്നത് ഉദ്യോഗസ്ഥരാണ്. കൗണ്‍സിലിന്‍െറ നിയന്ത്രണം കൈവിട്ടതോടെ നഗരാധികാരികളെ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന അവസ്ഥയാണെന്നാണ് പ്രധാന ആക്ഷേപം. ഭരണകക്ഷിയായ മുസ്ലിംലീഗിന്‍െറ നേതൃത്വത്തിനും ഭരണ നിര്‍വഹണം കാര്യക്ഷമമല്ളെന്ന അഭിപ്രായമുണ്ട്. പൊതുസ്ഥലങ്ങളിലെ മാലിന്യ നീക്കം നിലച്ചിട്ട് മാസങ്ങളായി. ശുചീകരണം ചടങ്ങ് മാത്രമായി. മാലിന്യം ഉറവിടങ്ങളില്‍ത്തന്നെ സംസ്കരിക്കണമെന്നാണ് നഗരസഭയുടെ തീരുമാനമെങ്കിലും അതിനുള്ള സംവിധാനങ്ങളൊരുക്കിയിട്ടില്ല. വീടുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങളും ജൈവ മാലിന്യങ്ങളും സംഭരിക്കാനോ സംസ്കരിക്കാനോ സൗകര്യമില്ലാതായതോടെ നഗരത്തിലെ പാതയോരങ്ങളും പൊതുസ്ഥലങ്ങളും പൂര്‍ണമായി മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി. റെയില്‍വേ സ്റ്റേഷന്‍ റോഡിനെ ഫോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ടി.എ. ഇബ്രാഹിം സ്മാരക റോഡരികിലെ ഒഴിഞ്ഞ സ്ഥലം സമാന്തര മാലിന്യനിക്ഷേപ കേന്ദ്രമായി. നഗരസഭാ ജീവനക്കാര്‍ ശേഖരിക്കുന്ന മാലിന്യം ഇവിടെ തള്ളുകയാണ്. പ്ളാസ്റ്റിക് മാലിന്യം കത്തിച്ച് വിഷപ്പുക സമ്മാനിക്കുന്ന സമ്പ്രദായവും തുടരുന്നു. പുതിയ ബസ്സ്റ്റാന്‍ഡിന്‍െറ വടക്കുഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്ന ഭാഗവും മാലിന്യം നിറഞ്ഞ നിലയിലാണ്. ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച തീര ശുചീകരണ പദ്ധതി നടപ്പാക്കാത്ത ഏക നഗരസഭയും കാസര്‍കോടാണ്. നഗരത്തിലെ റോഡരികുകളിലും പ്രധാന കേന്ദ്രങ്ങളിലും ലക്ഷങ്ങള്‍ മുടക്കി ഹൈമാസ്റ്റ് വിളക്കുകളും സോഡിയം വേപ്പര്‍ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പലതും കണ്ണ് തുറക്കാറില്ല. സന്ധ്യമയങ്ങിയാല്‍ നഗരം ഇരുട്ടിലാകും. അക്രമസംഭവങ്ങള്‍ പലതും അരങ്ങേറുന്നത് തെരുവ് വിളക്കുകള്‍ കത്താത്ത റോഡിലെ ഇരുളിന്‍െറ മറവിലാണ്. പുതിയ ബസ്സ്റ്റാന്‍ഡിന്‍െറ പ്രവേശകവാടവും ബസ്സ്റ്റാന്‍ഡിന്‍െറ ഉള്‍വശവും ടാറിങ് ഇളകി കുഴികള്‍ നിറഞ്ഞ് ബസുകള്‍ക്ക് അകത്തേക്ക് കടക്കാന്‍ പറ്റാത്ത വിധത്തിലാണ്. പുതിയ ഭരണസമിതി ചുമതലയേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ നികത്താനായില്ല. നഗര സഭയുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ളെന്ന പരാതിയുയരുന്നു. മിക്ക റോഡുകളും തകര്‍ന്ന് വാഹനയാത്രക്ക് കൊള്ളാതായി. നഗരത്തിലെ റോഡുകളിലെ ഡിവൈഡറുകളില്‍ കാട് നിറഞ്ഞു. ഇത് യഥാസമയം നീക്കം ചെയ്യാന്‍ ആളില്ല. രണ്ട് കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. മാര്‍ക്കറ്റ് കെട്ടിടവും പരിസരവും മാലിന്യ പൂരിതമായപ്പോള്‍ മത്സ്യവില്‍പന തെരുവിലായി. പത്തുവര്‍ഷം മുമ്പ് നിര്‍മാണമാരംഭിച്ച നുള്ളിപ്പാടിയിലെ പൊതുശ്മശാനം ഇനിയും തുറന്നില്ല. പട്ടിക വിഭാഗങ്ങള്‍ക്കായി നുള്ളിപ്പാടി ജെ.പി കോളനിയില്‍ നിര്‍മിച്ച ഫ്ളാറ്റും തുറന്നുകൊടുക്കാന്‍ നടപടിയില്ല. റവന്യൂ വകുപ്പില്‍നിന്ന് നഗരസഭ പാട്ടത്തിനെടുത്ത താളിപ്പടുപ്പിലെ മൈതാനത്തിന്‍െറ പേരില്‍ വര്‍ഷം തോറും 2.85 ലക്ഷം രൂപ ലീസ് ഇനത്തില്‍ നല്‍കുന്നുണ്ട്. എന്നാല്‍, ഈ മൈതാനം പൊതുജനങ്ങള്‍ക്ക് ഗുണപ്രദമായ രീതിയില്‍ വിനിയോഗിക്കാനോ നഗരസഭക്ക് വരുമാനമുണ്ടാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കാനോ അധികൃതര്‍ക്ക് കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT