മംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോനിരക്കില്‍ വന്‍കൊള്ള

മംഗളൂരു: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരില്‍നിന്ന് അമിതവാടക ഈടാക്കുന്നതായി പരാതി. കേരളത്തില്‍നിന്നുള്ള യാത്രക്കാരാണ് ഏറെയും ചൂഷണത്തിനിരയാകുന്നത്. പ്രീപേഡ് കൗണ്ടര്‍പോലും യാത്രക്കാര്‍ക്ക് തുണയാകുന്നില്ല. പടിഞ്ഞാറുഭാഗത്ത് സ്റ്റേഷന്‍െറ പ്രവേശകവാട പരിസരത്താണ് കൗണ്ടര്‍. ഇവിടെ വരിനിന്ന് രൂപ നല്‍കിയാല്‍ ഇറങ്ങേണ്ട സ്ഥലത്തെ നിരക്ക് രേഖപ്പെടുത്തിയ സ്ളിപ് ലഭിക്കും. പലപ്പോഴും ഒറ്റരൂപ നാണയക്ഷാമം പറഞ്ഞ് രണ്ടു രൂപ ഈടാക്കുന്നു. ഓട്ടോവില്‍ കയറിയ ഉടന്‍ സ്ളിപ് ഡ്രൈവര്‍ വാങ്ങും. ഇറങ്ങേണ്ട സ്ഥലമത്തെിയാല്‍ സ്ളിപ്പില്‍ കണ്ടതിനേക്കാള്‍ ആവശ്യപ്പെടും. 25 രൂപയാണ് മിനിമം ചാര്‍ജ്. 10 രൂപയെങ്കിലും അധികം വാങ്ങാത്ത ഡ്രൈവര്‍മാര്‍ വിരളം. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് അധികവും ചൂഷണത്തിനിരയാകുന്നത്. സ്റ്റേഷന്‍െറ കിഴക്ക്-വടക്ക് ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഓട്ടോ നിര്‍ത്തിയിടുന്നത്. ഇവിടെ കൗണ്ടര്‍ പണിതെങ്കിലും പ്രവര്‍ത്തനം തുടങ്ങാതെ കാടുമൂടി കിടക്കുന്നു. കേരളം വഴിയുള്ള തീവണ്ടികള്‍ അധികവും പ്ളാറ്റ്ഫോം നമ്പര്‍ രണ്ടിലോ മൂന്നിലോ ആണ് നിര്‍ത്തുക. ഇവിടെനിന്ന് മേല്‍പാലം കയറിയിറങ്ങി ഒന്നാം പ്ളാറ്റ്ഫോമിലൂടെ പ്രവേശകവാടം കടക്കുന്നതിലും എളുപ്പം കിഴക്കുഭാഗത്ത് കൂടെ റോഡിലിറങ്ങുകയാണ്. മലബാറില്‍നിന്നുള്ള യാത്രക്കാരില്‍ നഗരത്തിലെ വിവിധ ആശുപത്രികളിലേക്കുള്ള രോഗികളും അവരുടെ സഹായികളുമാണ് അധികവും. റോഡിലത്തെുന്നതോടെ ഓരോ ആശുപത്രിയുടെയും സ്ഥലങ്ങളുടെ പേരുകള്‍ വിളിച്ചുകൂവി യാത്രക്കാരെ ആകര്‍ഷിക്കും. അടുപ്പം തോന്നിക്കാന്‍ മലയാളവും ഡ്രൈവര്‍മാര്‍ക്ക് വശമുണ്ട്. ലക്ഷ്യത്തിലത്തെിയാല്‍ തോന്നിയവാടക ചോദിക്കും. തര്‍ക്കിക്കാന്‍ നിന്നാല്‍ ഉച്ചത്തില്‍ പ്രാദേശികഭാഷയില്‍ മാത്രം സംസാരിക്കും. ഡോക്ടറെ കാണേണ്ട സമയം അടുത്തനേരത്ത് കൂടുതല്‍ സംസാരിച്ചുനില്‍ക്കാതെ യാത്രകാര്‍ പണം നല്‍കും. കിഴക്കുഭാഗത്തെ ഓട്ടോസ്റ്റാന്‍ഡില്‍നിന്ന് അല്‍പം മുന്നോട്ടുനടന്നാല്‍ മിനിമം ചാര്‍ജില്‍ യാത്ര ചെയ്ത് എത്താവുന്ന സ്ഥലങ്ങളിലേക്കാണ് പരിചയക്കുറവും അവശതയും കാരണം മലയാളി വന്‍തുക മുടക്കേണ്ടിവരുന്നത്. ഓട്ടോ ഡ്രൈവര്‍മാരും പൊലീസും തമ്മിലുള്ള അവിഹിതബന്ധമാണ് തട്ടിപ്പിന് തണലെന്ന് ആരോപണമുണ്ട്. സിറ്റി ട്രാഫിക് പൊലീസ് ഇക്കാര്യത്തില്‍ നിഷ്ക്രിയമാണെന്ന് ആക്ടിവിസ്റ്റ് ജി. ഹനുമന്ത കാമത്ത് പറഞ്ഞു. മിനിമം ചാര്‍ജില്‍ എത്താവുന്ന സ്ഥലത്തേക്ക് പ്രീപേഡ് കൗണ്ടറില്‍ ഫീസടച്ച് കയറിയ തനിക്ക് ഒരു ദിവസം 35 രൂപയും മറ്റൊരു ദിവസം 45 രൂപയും നല്‍കേണ്ടിവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. എന്നാല്‍, ആ യോഗത്തില്‍ സിറ്റി പൊലീസിനെ പ്രതിനിധാനംചെയ്ത് ആരും ഹാജരായിരുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.