ഓര്‍മയായത് അരുതായ്മകളോട് സന്ധിയാവാത്ത ഡോക്ടര്‍

തൃക്കരിപ്പൂര്‍: വൈദ്യശാസ്ത്രമേഖലയിലെ അരുതായ്മകള്‍ക്കും വിപണിയുടെ അമിത ഇടപെടലിനും സന്ധിയാവാതെയാണ് ഡോ. പി. രാമകൃഷ്ണന്‍ പാവപ്പെട്ട രോഗികളുടെ മനസ്സില്‍ ഇടംനേടിയത്. നാലുപതിറ്റാണ്ട് തൃക്കരിപ്പൂരിന്‍െറ ആതുരസേവനരംഗത്ത് പ്രവര്‍ത്തിച്ച അദ്ദേഹം പാവപ്പെട്ട രോഗികളോട് പലപ്പോഴും ഫീസ് വാങ്ങിയിരുന്നില്ല. പകരം മരുന്നുകള്‍ നല്‍കുകയോ മരുന്ന് വാങ്ങാനുള്ള കാശ് കൊടുത്തുവിടുകയോ ചെയ്തിരുന്നതായി അനുഭവസ്ഥര്‍ ഓര്‍ക്കുന്നു. രോഗികളെ പേര് ചൊല്ലിവിളിക്കുന്ന ഡോക്ടര്‍ അനുസരണക്കേട് കാട്ടുന്നവരെ ശാസിക്കാനും മടിച്ചിരുന്നില്ല. വെട്ടിത്തുറന്നുപറയുന്ന പ്രകൃതം അദ്ദേഹത്തിന് ധാരാളം ശത്രുക്കളുണ്ടാക്കി. ഇഷ്ടപ്പെടാത്ത രീതികള്‍ കണ്ടാല്‍ ആദ്യമൊന്നു കയര്‍ക്കുമെങ്കിലും പിന്നീട് ശാന്തനായി കാര്യങ്ങള്‍ പറഞ്ഞ് ധരിപ്പിച്ച് സമാധാനപ്പെടുത്തുന്ന അദ്ദേഹത്തിന്‍െറ പ്രകൃതം തൃക്കരിപ്പൂര്‍ നിവാസികള്‍ക്ക് പരിചിതമാണ്. അന്നൂരിലെ സോഷ്യലിസ്റ്റ് കുടുംബമായ ആനിടില്‍ പാതിക്കാരന്‍ തറവാട്ടംഗമായ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നാണ് എം.ബി.ബി.എസ് പഠിച്ചത്. പഠനകാലത്ത് സോഷ്യലിസ്റ്റ് ആശയപ്രചാരണത്തിനായി എം. നാരായണക്കുറുപ്പിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച ‘സമദര്‍ശി’ എന്ന വാരികയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 1974ല്‍ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം തൃക്കരിപ്പൂരിലാണ് ആദ്യമായി പ്രാക്ടീസ് ആരംഭിക്കുന്നത്. തൃക്കരിപ്പൂരിലെ ആദ്യകാല ഡോക്ടര്‍ ഡോ. സാംബ ഷെട്ടിയുടെ ചികിത്സാരീതികള്‍ രാമകൃഷ്ണന്‍ ഡോക്ടറെ സ്വാധീനിച്ചിരുന്നു. ഷെട്ടി വെട്ടിത്തെളിച്ച പാതയിലായിരുന്നു പിന്നീടദ്ദേഹം. കൂത്തുപറമ്പ് ഗവ. ആശുപത്രിയില്‍ നിയമനം ലഭിച്ചെങ്കിലും തൃക്കരിപ്പൂരുമായുള്ള ബന്ധം ഇഴയടുപ്പത്തോടെ സൂക്ഷിച്ചു. പിന്നീട് പരിയാരം ടി.ബി സാനിറ്റോറിയത്തില്‍ നെഞ്ചുരോഗ വിദഗ്ധനായി പ്രവര്‍ത്തിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്നു. സര്‍വിസില്‍നിന്ന് വിരമിച്ചശേഷം തൃക്കരിപ്പൂര്‍ നഗരത്തില്‍ ഒരു ക്ളിനിക് നടത്തി വരുകയായിരുന്നു. നിരവധി സാംസ്കാരിക സംഘടനകള്‍ ഈ ജനപ്രിയ ഡോക്ടറെ ആദരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT