ഇൗ പാത ജലഗതാഗതത്തിന്

ഇൗ പാത ജലഗതാഗതത്തിന് കാസർകോടുനിന്ന് കൊച്ചിയിലേക്കുള്ള ട്രെയിൻ, റോഡ് ഗതാഗതത്തേക്കാള്‍ വേഗത്തിലെത്താന്‍ പറ്റുന്നതാണ് സുല്‍ത്താന്‍തോട് വഴിയുള്ള ജലപാത. രണ്ട് ദശകങ്ങൾക്കു മുമ്പുതന്നെ ഇക്കാര്യം കെണ്ടത്തിയിരുന്നു. ഒമ്പത് മണിക്കൂര്‍ കൊണ്ട് കാസർകോടുനിന്ന് കൊച്ചിയിലേക്കെത്താവുന്ന രീതിയില്‍ സുല്‍ത്താന്‍തോട് ജലപാത ഉപയോഗിക്കാനാവുമെന്ന് നിരീക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, നിരീക്ഷണങ്ങള്‍ വെള്ളത്തിലായതല്ലാതെ പ്രായോഗിക നടപടികളൊന്നുമുണ്ടായില്ല. കണ്ണൂര്‍ -കാസർകോട് ജില്ലകളെ തൊട്ടുരുമ്മി ഏതാണ്ട് 200 കി.മീ ദൈര്‍ഘ്യത്തിലുള്ള ജലപാതയുണ്ടായിട്ടും ഇവ ഫലപ്രദമായി ഉപയോഗിക്കാന്‍ സർക്കാറിന് സാധിച്ചിട്ടില്ല. കുപ്പം പുഴയില്‍ നിന്നും സുല്‍ത്താന്‍തോട് വഴി കൊച്ചിക്കാരുടെ കടവ്, പാലക്കോട് പുഴ, കൊറ്റി, രാമന്തളി, കവ്വായി, മാടക്കാല്‍, ഇടയിലക്കാട്, വലിയപറമ്പ്, ആയിറ്റി, തെക്കേക്കാട്, ഓരി, അഴിത്തല വഴി കോട്ടപ്പുറം വരെ നീളുന്നതാണ് ഇൗ ജലപാത. കോട്ടപ്പുറത്തുനിന്ന് മംഗളൂരു വഴി അറബിക്കടലുമായി ബന്ധിപ്പിച്ച് ദേശീയതലത്തില്‍ ജല ഗാതാഗതത്തിന് അനന്തസാധ്യതകളുള്ള പാതയാണ് തുടർപ്രവൃത്തികളില്ലാതെ അവഗണിക്കപ്പെടുന്നത്. മാട്ടൂല്‍-പഴയങ്ങാടി- കുപ്പം പുഴ ജലഗതാഗതത്തിനു അനന്തസാധ്യതകള്‍ പറശ്ശിനിക്കടവ്- കുപ്പം ജലപാതയിലെ ഗണ്യമായ ഭാഗം മാട്ടൂല്‍-,മാടായി പഞ്ചായത്തുകളുടെ അധീനതയിലുള്ള മേഖലയാണ്. വളപട്ടണം പുഴയിലൂടെ മാട്ടൂല്‍,അഴീക്കല്‍ വഴി അറബിക്കടലിലും കുപ്പം പുഴയിലേക്കുമെത്താനാവും. 1970കളിലാണ് മാട്ടൂല്‍ ഗ്രാമപഞ്ചായത്തില്‍ റോഡ് സൗകര്യമുണ്ടായത്. കടല്‍ഭിത്തി നിര്‍മാണത്തിനായി കല്ലുകള്‍ വലിക്കാന്‍ സൗകര്യപ്പെടുത്തിയ പാതയാണ് മൊട്ടാമ്പ്രം വഴി മാട്ടൂലിലേക്കുള്ള റോഡായി പരിണമിച്ചത്. കടല്‍ഭിത്തിക്കായി കല്ല് വലിച്ചുകൊണ്ടാരംഭിച്ചതായിരുന്നു മാട്ടൂലിലേക്കുള്ള കര ഗതാഗതം. 1970നുമുമ്പ് മാട്ടൂല്‍ നിവാസികളുടെ സഞ്ചാരം ജലപാത വഴിയായിരുന്നു. മാട്ടൂലില്‍ നിന്ന് വളപട്ടണം പുഴയിലൂടെ ബോട്ടില്‍ വളപട്ടണത്തെത്തിയായിരുന്നു ജില്ല ആസ്ഥാനമായ കണ്ണൂരിലെത്തിയിരുന്നത്. മാട്ടൂലില്‍നിന്ന് മാടായി, പഴയങ്ങാടി, ഏഴോം വഴിയുള്ള ജലപാതയിലൂടെ കുപ്പം ജലപാതയിലെത്തിയാണ് മാട്ടൂല്‍ നിവാസികള്‍ തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയിരുന്നത്. മാട്ടൂല്‍ സൗത്ത് മുതല്‍ മൂന്ന് പഞ്ചായത്തുകള്‍ താണ്ടിയുള്ള മാട്ടൂല്‍-തളിപ്പറമ്പ് ജലപാതയില്‍ 19 ജെട്ടികള്‍ പിന്നിട്ടായിരുന്നു കുപ്പം ജെട്ടിയിലെത്തിയിരുന്നത്. അഞ്ച് മുതല്‍ ഏഴ് ബോട്ടുകള്‍ മൂന്നിലധികം ട്രിപ്പുകള്‍ സര്‍വിസ് നടത്തിയിരുന്ന പാതയായിരുന്നു ഇത്. അന്നുണ്ടായിരുന്ന ബോട്ട്ജെട്ടികളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കാലഹരണപ്പെട്ട ജെട്ടികൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ കേന്ദ്രമായി മാറുന്നുണ്ട്. കുപ്പം-പഴയങ്ങാടി ജലപാത, മാട്ടൂല്‍-മാടായി ജലപാത, വളപട്ടണം-മാട്ടൂല്‍ ജലപാത, പഴയങ്ങാടി--സുല്‍ത്താന്‍ തോട് ജലപാത എന്നിവയിലൂടെ ജലഗതാഗത സൗകര്യമൊരുക്കിയാല്‍ പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തിയും ചെലവേറിയും അപകടം വിതച്ചും നീങ്ങുന്ന കരഗതാഗതത്തി​​െൻറ 50 ശതമാനം ഒഴിവാക്കാനാവുമെന്നാണ് വിദഗ്ധാഭിപ്രായം. ചരക്കു ഗതാഗതത്തിനും ഏറ്റവും സുഖകരമാകുന്ന ജലപാതയാണിത്. അറുപതുകളില്‍ വാണിജ്യവും കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട ചരക്ക് ഗതാഗതത്തിന് ഈ ജലപാത മാത്രമായിരുന്നു ആശ്രയം. ബോട്ട്ജെട്ടികൾ നിർമിച്ചും ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ജല ഗതാഗതത്തി​​െൻറ അനന്തസാധ്യതകള്‍ പ്രായോഗികമാക്കണമെന്ന ജനകീയാവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Tags:    
News Summary - water transport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.