ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ

കൂത്തുപറമ്പ്: കൊലക്കേസിൽ റിമാൻഡിലായിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ കൂത്തുപറമ്പ് പൊലീസ് പിടികൂടി. ബംഗാളിലെ ബൽഗാച്ചിയ സ്വദേശി മുഹമ്മദ് ആസാദിനെയാണ് കൂത്തുപറമ്പ് പൊലീസ് ബംഗാളിലെത്തി അറസ്റ്റ് ചെയ്തത്. 2013ൽ കൂത്തുപറമ്പ് നരവൂർ റോഡിലെ ചാക്ക് ഗോഡൗണിൽ ബംഗാൾ സ്വദേശിയായ ഷംസുദ്ദീനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മുഹമ്മദ് ആസാദിനെ പൊലീസ് പിടികൂടിയത്. നരവൂരിലെ വാടക മുറിയിൽ താമസിക്കുന്നതിനിടയിലാണ് മുഹമ്മദ് ആസാദ് സഹപ്രവർത്തകനെ കൊലപ്പെടുത്തുന്നത്. കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങി പൊലീസിൻെറ കണ്ണുവെട്ടിച്ച് മുങ്ങുകയായിരുന്നു. കഴിഞ്ഞ ആറു വർഷത്തോളമായി ബംഗാളിലെ രാജഹാട്ടു പൊലീസ് സ്റ്റേഷൻ പരിധിയിലെ രായഗാച്ചി മേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു മുഹമ്മദ് ആസാദ്. കൂത്തുപറമ്പ് സി.ഐ എം.പി. ആസാദ്, സി.ഐ സ്ക്വാഡ് അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധി എന്നിവർ ബംഗാളിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 24 ഫർഗാന ജില്ലയിലെ ബാര്സത് സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി കൂത്തുപറമ്പ് പൊലീസിന് വിട്ടുനൽകുകയായിരുന്നു. പ്രതിയെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചിട്ടുള്ള പൊലീസ് സംഘം അടുത്ത ദിവസം തലശ്ശേരി അഡീഷനൽ ജില്ല കോടതി മുമ്പാകെ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.