സാംസ്കാരിക നിലയം മാലിന്യ നിക്ഷേപ കേന്ദ്രമാക്കി; പ്രതിഷേധം വ്യാപകം

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പ്രധാന ടൗണുകളിലൊന്നായ പെരിങ്ങത്തൂരിൽ ഏറെ പഴക്കമുള്ള പെരിങ്ങത്തൂർ സാംസ്കാരിക ക േന്ദ്രത്തെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതായി വ്യാപക പരാതി. പതിനായിരക്കണക്കിന് ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിച്ചിട്ടുള്ള നിലയമാണ് ഇന്ന് പെരിങ്ങത്തൂർ ടൗണിലെ മുഴുവൻ മാലിന്യങ്ങളും ചാക്കുകളിലാക്കി സൂക്ഷിക്കുന്ന ഇടമായി മാറിയത്. പ്രദേശം മുഴുവൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷ പരിശോധന നടത്തുന്നതിനിടെയാണ് സാംസ്കാരിക നിലയത്തിലെ മാലിന്യ നിക്ഷേപം. തൊട്ടടുത്തുതന്നെ നിരവധി കച്ചവട സ്ഥാപനങ്ങൾ നിലനിൽക്കെയാണ് വായനശാലയും സാംസ്കാരിക കേന്ദ്രവും നശിപ്പിക്കുംവിധം മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. പാനൂർ നഗരസഭ ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷിനെ വിവരം ധരിപ്പിച്ചു. മാലിന്യ നിക്ഷേപത്തെ കുറിച്ച് അറിയില്ലെന്നും ഉടൻ ആവശ്യമായ നീക്കങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവരമറിഞ്ഞ സ്ഥലം കൗൺസിലർ ഉമൈസ തിരുവമ്പാടി, പെരിങ്ങത്തൂർ സാംസ്കാരിക കേന്ദ്രം അടിയന്തരമായി പൂർവസ്ഥിതിയിലാക്കാൻ നടപടി കൈക്കൊള്ളാൻ നഗരസഭയെ സമീപിക്കുമെന്ന് ഉറപ്പുനൽകി. മാലിന്യ നിക്ഷേപം പരിസരത്തെ വ്യാപാരികളുടെ ജീവന് ഭീഷണിയാവുന്ന ഘട്ടത്തിലാണെന്നും ഉടൻ അവിടെനിന്ന് മാലിന്യങ്ങൾ നീക്കണമെന്നും പെരിങ്ങത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി എൻ.പി. മുനീർ നഗരസഭയോട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.