കണ്ണൂർ: നടപ്പാക്കിയ വികസനങ്ങളുടെ ലഘുവിവരണവുമായി എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്രീമതിയുടെ പൊതുപര്യടനം. അഞ്ചരക്കണ്ടിയിലെ തലമുണ്ട വായനശാല പരിസരത്തുനിന്നാണ് പൊതുപര്യടനത്തിൻെറ അഞ്ചാംദിനം ആരംഭിച്ചത്. വായനശാലക്ക് സമീപം ഓർമമരവും നട്ടു. സ്ഥാനാർഥിയുടെ ചിത്രം പതിച്ച പ്ലക്കാഡുകളും കൊടിക്കൂറകളുമായി മുത്തുക്കുടകളുടെയും ചെണ്ട, ബാൻഡ് മേളത്തിൻെറയും അകമ്പടിയോടെ മുദ്രാവാക്യം വിളിച്ചും പടക്കംപൊട്ടിച്ചുമായിരുന്നു ഓരോ കേന്ദ്രത്തിലെയും വരവേൽപ്. കാഞ്ഞിരോട് തെരു, പടന്നോട്ട്, കൈപ്പയ്ക്കൽ മെട്ട, കാനച്ചേരി, വലിയന്നൂർ നോർത്ത്, ആയങ്കി, ചേലോറ വായനശാല, കണ്ടമ്പേത്ത് പാലം, കാപ്പാട് എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണം. തുടർന്ന് വിദ്യാലയങ്ങൾ സന്ദർശിച്ച് കന്നിവോട്ടർമാരെ കണ്ടു. വൈകീട്ട് സത്രത്തിൽനിന്നാണ് പര്യടനം പുനരാരംഭിച്ചത്. 16 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി മഞ്ചപ്പാലത്ത് സമാപിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ വൻ ജനാവലി ഓരോ കേന്ദ്രത്തിലും സ്വീകരിക്കാനെത്തി. മേയർ ഇ.പി. ലത, എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി. സഹദേവൻ, നേതാക്കളായ എൻ. ചന്ദ്രൻ, പി.കെ. ശബരീഷ് കുമാർ, എം. ഷാജർ, വെള്ളോറ രാജൻ, കെ.പി. പ്രശാന്ത്, യു. ബാബു ഗോപിനാഥ്, സി.കെ. ദാമോദരൻ, വേലിക്കാത്ത് ഉത്തമൻ, അസ്ലം പിലാക്കീൽ, എം. ഗംഗാധരൻ, കെ. ബാലകൃഷ്ണൻ, ഹമീദ് ഇരിണാവ്, കെ.കെ. രജിത്ത് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു. വ്യാഴാഴ്ച മട്ടന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ എട്ടിന് കൂടാളി പൂവത്തൂരിൽ ആരംഭിച്ച് രാത്രി എട്ടിന് പെരിഞ്ചേരിയിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.