അയോഗ്യതയിലെത്തിച്ചത്​ വിവാദ പ്രചാരണങ്ങളുടെ പ്രവാഹം

കണ്ണൂർ: ഇരുപക്ഷവും വീറോടെ അങ്കംകുറിച്ച അഴീക്കോട് നിയോജക മണ്ഡലത്തിൽ അരങ്ങേറിയ ആരോപണ പ്രത്യാരോപണങ്ങളുടെ പ്രവാഹമാണ് കേരളം കണ്ട ഏറ്റവും അത്യപൂർവ കോടതി വിധിയിലേക്ക് നയിച്ചത്. വർഗീയത പ്രചരിപ്പിച്ചതി​െൻറ പേരിൽ അയോഗ്യത ഏറ്റുവാങ്ങേണ്ടിവന്ന മുസ്ലിംലീഗിലെ കെ.എം.ഷാജിക്ക് വേണ്ടിയുള്ള പ്രചാരണ ലഘുലേഖകൾ പലതും വിവാദമായിരുന്നു. എം.വി. രാഘവൻ സി.പി.എമ്മിനെതിരെ ഉയർത്തിയ ആരോപണങ്ങൾ ഉയർത്തിയായിരുന്നു യു.ഡി.എഫി​െൻറ ആദ്യ പ്രചാരണം. നികേഷ്കുമാർ സ്ഥാനാർഥിയായതിൽ സി.പി.എമ്മിൽ തന്നെ ഉയർന്ന മുറുമുറുപ്പി​െൻറ മർമം തൊടുന്ന പ്രചാരണങ്ങൾക്ക് മറുപടിയായി കെ.എം.ഷാജി നാട്ടിലെ സ്വത്ത് സത്യവാങ്മൂലത്തിൽ പറഞ്ഞില്ലെന്ന ആരോപണം മുതൽ ജ്വല്ലറി വ്യാപാരത്തിലെ ബിനാമി, അഴീക്കൽ തുറമുഖ വികസന പദ്ധതിയിലെ ക്രമക്കേട് എന്നിവയെല്ലാം ഇടതുമുന്നണി എടുത്തിട്ടു. അതിനിടയിലാണ് ഇന്ത്യൻ ഒാവർസിസ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുടെ പേരിൽ ഷാജിയെ അനുകൂലിച്ച് തുരുതുരാ ലഘുലേഖകൾ ഇറങ്ങിയത്. പരാതിയെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലീസും ഇലക്ഷൻ സ്ക്വാഡും പിടികൂടിയ ലഘുലേഖകളാണ് തെരഞ്ഞെടുപ്പുകേസിൽ തെളിവായത്. 'വീട് നോക്കാൻ കഴിയാത്തവന് നാട് നോക്കാൻ കഴിയുമോ?' 'ചെറ്റക്കുടിലിൽനിന്ന് മാളികയിലെത്തിയ കോടീശ്വരൻ' തുടങ്ങിയ തലക്കെട്ടുകളിലുള്ള ലഘുലേഖകളും ഇടത് സ്ഥാനാർഥിക്കെതിരെ ഇറക്കിയിരുന്നു. 'കാരുണ്യവാനായ അല്ലാഹുവി​െൻറ അടുക്കൽ അമുസ്ലിംകൾക്ക് സ്ഥാനമില്ലെന്ന് തുടങ്ങി, മുഅ്മിനായ കെ.മുഹമ്മദ് ഷാജിയെ വിജയിപ്പിക്കാൻ എല്ലാവരും അല്ലാഹുവിനോട് പ്രാർഥിക്കണം' എന്നഭ്യർഥിക്കുന്ന ലഘുലേഖയാണ് കോടതി നടപടിയിലേക്ക് നയിച്ചത്. ഇത് പിടികൂടിയത് അന്നത്തെ വളപട്ടണം പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് പ്രവർത്തകയുമായ മനോരമയുടെ വീട്ടിൽനിന്നാണെന്നാണ് പൊലീസ് രേഖ. പക്ഷേ, ത​െൻറ വീട്ടിൽ നിന്ന് ലഘുലേഖ പിടികൂടിയിട്ടില്ലെന്നാണ് അവർ പറയുന്നത്. ത​െൻറ വീട് ഒരു വിഭാഗം ൈകയേറി എന്ന് അവർ നൽകിയ ഹരജി കണ്ണൂർ കോടതിയിൽ നിലവിലുണ്ട്. ഷാജിയുടെ അപരരായി കെ.എം.ഷാജി തോലാമ്പ്ര, കെ.എം.ഷാജി മാമ്പ എന്നിവരും മത്സര രംഗത്തുണ്ടായിരുന്നു. ഇവരെ മുസ്ലിം ലീഗിലെ കെ.എം. ഷാജിയോട് ഉപമിച്ച് ഷാജിയെന്ന പേര് ഇസ്ലാമാണോ എന്ന് തുടങ്ങിയ പ്രചാരണവും ചിലർ നടത്തിയിരുന്നതായി യു.ഡി.എഫ് വൃത്തങ്ങൾ ആരോപിക്കുന്നു. നോട്ടീസുകൾ പ്രസിദ്ധീകരിച്ച ഇന്ത്യൻ ഒാവർസിസ് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി നിലവിലില്ലാത്ത സംവിധാനമാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.