കണ്ണൂർ സിറ്റി: നിരോധിത ഡബിൾ വലയുമായി അനധികൃതമായി മത്സ്യം പിടിക്കാൻ എത്തിയ രണ്ടു ബോട്ടുകൾക്കിടയിലെ വലയിൽപെട്ട മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ആയിക്കരയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ മദീന ബോട്ടിലെ തൊഴിലാളികൾ സഞ്ചരിച്ച ഫൈബർ ബോട്ടാണ് ഡബിൾ വലക്കുള്ളിൽ കുടുങ്ങിയത്. കടൽറാണി എന്ന ഒന്നും രണ്ടും ബോട്ടുകളാണ് അപകടം ഉണ്ടാക്കിയത്. രണ്ടു ബോട്ടുകൾ ഇരുവശവും പിടിച്ച് വലകൾ ഇട്ട് ചെറുമീനുകൾ അടക്കം കോരി എടുക്കുന്നതിനിടയിൽ ചെറുബോട്ട് ഇട്ട വലകൾ ഇതിനിടയിൽ അകപ്പെടുകയായിരുന്നു. ബോട്ടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ലെങ്കിലും വലകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. 300 കിലോ വലയാണ് നഷ്ടപ്പെട്ടത്. മൂന്നു ലക്ഷം രൂപയോളം നഷ്ടം ഉണ്ടാകും. ഉടമ കെ.കെ. അബ്ദുസ്സലാം കോസ്റ്റൽ പൊലീസിനും കണ്ണൂർ ഫിഷറീസ് എ.ഡിക്കും പരാതി നൽകി. കോസ്റ്റൽ പൊലീസ് എ.ഡി.ജി.പിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. നിരോധിത വലകളുപയോഗിച്ച് ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനുതന്നെ ഭീഷണിയായി. കണ്ണൂർ, തലശ്ശേരി, ന്യൂ മാഹി, ചോമ്പാൽ ഭാഗങ്ങളിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനാൽ ഒരുമാസത്തിനിടെ നിരവധി മത്സ്യത്തൊഴിലാളികളുടെ വലകൾ നഷ്ടപ്പെട്ടത്. വലിയ മീനുകെളടുത്ത് ചെറുത് കടലിൽ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധിതവണ പരാതി നൽകിയിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.