തളിപ്പറമ്പ്: വയൽ നികത്തി ദേശീയപാത നിർമിക്കുന്നതിനെതിരെ കീഴാറ്റൂർ വയൽക്കിളി സമര ഐക്യദാർഢ്യ സമിതി വീണ്ടും സമരത്തിനിറങ്ങുന്നു. ഈ മാസം 26ന് കണ്ണൂരിലേക്ക് മാർച്ചും ജില്ല കലക്ടറുടെ ക്യാമ്പ് ഓഫിസിനു മുന്നിൽ കഞ്ഞിവെപ്പ് സമരവും നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദേശീയ പാതക്കെതിരെ സമരം നടത്തുന്നവരെക്കൂടി പങ്കെടുപ്പിച്ചാണ് പുതിയ സമരം. ഹൈവേ ത്രീഡി നോട്ടിഫിക്കേഷൻ നടപടികൾ നിർത്തിവെക്കുക, അശാസ്ത്രീയ അലൈൻമെൻറുകൾ പുനർനിർണയിക്കുക, ദേശീയപാത സ്വകാര്യവത്കരണ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച്. രാവിലെ ഒമ്പത് മണിക്ക് കീഴാറ്റൂരിൽ നിന്നാരംഭിക്കുന്ന മാർച്ച് രാത്രിയോടെ കണ്ണൂരിലെത്തിയ ശേഷമാണ് കഞ്ഞിവെപ്പ് സമരം നടത്തുക. ജില്ലയിൽ ദേശീയപാതക്കെതിരെ സമരം നടത്തുന്ന പാപ്പിനിശ്ശേരി തുരുത്തി, കാട്ടാമ്പള്ളി കോട്ടക്കടവ്, അത്താഴക്കുന്ന്, എടക്കാട്, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലെ സമരക്കാരെയും മാർച്ചിൽ പങ്കെടുപ്പിക്കും. തുരുത്തി ഭാഗത്തുള്ളവർ പാപ്പിനിശ്ശേരി ചുങ്കത്തുനിന്നും കോട്ടക്കടവ്, അത്താഴക്കുന്ന് ഭാഗത്തുള്ള പ്രക്ഷോഭകർ പുതിയതെരുവിൽനിന്നും എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശത്തുള്ള സമരക്കാർ കണ്ണൂർ കാൽടെക്സിൽനിന്നും മാർച്ചിൽ അണിചേരും. ഐക്യദാർഢ്യ സമിതിയുടെ ആലോചന യോഗത്തിൽ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എൻ. സുബ്രഹ്മണ്യം, വി.പി. മഹേശ്വരൻ, നോബിൾ എം. പൈകട, സുരേഷ് കീഴാറ്റൂർ, വി. കൃഷ്ണൻ, കെ.പി. വിനോദ്, സണ്ണി അമ്പാട്ട്, എം.കെ. ജയരാജൻ, വിനോദ് കുമാർ രാമന്തളി, സി. ശശി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.