അവശത മറന്ന് അവരെത്തി, ഒരിക്കൽകൂടി അക്ഷരമുറ്റത്ത്

തൃക്കരിപ്പൂർ: പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ 58 വർഷങ്ങൾക്കുശേഷം ഒരുവട്ടം കൂടി ഒത്തുചേർന്നപ്പോൾ അവരിൽ പലരും കണ്ണട ഒന്നുകൂടി ചേർത്തുവെച്ച് ചാഞ്ഞും ചരിഞ്ഞും പരസ്പരം നോക്കി. മുഖത്ത് തളംകെട്ടിനിന്ന സംശയഭാവം വൈകാതെ ഒരു ചെറുപുഞ്ചിരിക്ക് വഴിമാറി. നോക്കെത്താദൂരെ നിന്നാലും ഞൊടിയിടയിൽ തിരിച്ചറിഞ്ഞിരുന്ന ചങ്ങാതിമാരായിരുന്നു അവർ. തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂളിൽനിന്ന് 1960ൽ എസ്.എസ്.എൽ.സി കഴിഞ്ഞിറങ്ങിയവരാണ് ഓർമകളുടെ സുഗന്ധം പങ്കുവെച്ച് ഒത്തുചേർന്നത്. ഓരോരുത്തരിലും കാലം വരുത്തിയ മാറ്റങ്ങൾ ഒരേസമയം തമാശക്കും സങ്കടത്തിനും വഴിവെക്കുന്നതായി. അന്നുണ്ടായിരുന്ന 94 പേരിൽ പലരും പലദേശങ്ങളിൽ കഴിയുന്നു. നാട്ടിലുള്ളവരിൽ പലരും മണ്ണോടുചേർന്നു. അവശേഷിക്കുന്ന 28 പേരാണ് ഒത്തുചേരാനെത്തിയത്. അന്നത്തെ ചെറുബാല്യക്കാർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ വാർധക്യത്തി​െൻറ അവശതകൾ എങ്ങോ ഓടിയൊളിച്ചു. ഫാർമേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ആണുങ്ങൾ പലരും വല്ലപ്പോഴും പരസ്പരം കണ്ടുമുട്ടുന്നവരായിരുന്നു. പേക്ഷ, പെൺകുട്ടികൾ അമ്മയും അമ്മൂമ്മയും മുത്തശ്ശിയും ഒക്കെയായി വീടകങ്ങളിൽ കഴിഞ്ഞുകൂടിയവരായിരുന്നു. അറ്റുപോയ സൗഹൃദക്കണ്ണികൾ അങ്ങനെയവർ വിളക്കിച്ചേർത്തു. പലർക്കും കുട്ടിക്കാലത്തെ വിളിപ്പേരുകൾകൊണ്ട് ഓർമിപ്പിക്കേണ്ടിവന്നു. സഹപാഠികളുടെ വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടുത്തിയ സുവനീർ പ്രസിദ്ധീകരിക്കാനും കൂട്ടായ്മക്ക് സാധിച്ചു. സംഗമം കൂക്കാനം റഹ്മാൻ ഉദ്ഘാടനം ചെയ്തു. പി. വിജയൻ അധ്യക്ഷതവഹിച്ചു. റിട്ട. ഡി.ഇ.ഒ പി.വി. ഭാസ്കരൻ 'ഓർമപുസ്തകം' പ്രകാശനംചെയ്തു. ഹെഡ്മാസ്റ്റർ പി.ടി. വിജയൻ ഏറ്റുവാങ്ങി. സുബ്രായൻ മാസ്റ്റർ, കപോതനില്ലം കൃഷ്ണൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കെ.ജി. കൊടക്കാട്, ഡോ. കൃഷ്ണൻ, പി. കാത്തീം പടന്ന, വെള്ളൂർ ഗംഗാധരൻ, ഡോ. സൗദാമിനി, റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ കെ. അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.