വൈദ്യുതി അട്ടിമറിശ്രമത്തിൽ കുറ്റവാളി കാമറയിൽ കുടുങ്ങി

തൃക്കരിപ്പൂർ: നാടിനെ മുൾമുനയിൽ നിർത്തിയ വൈദ്യുതി അട്ടിമറി ശ്രമത്തിൽ കുറ്റവാളി സി.സി.ടിവിയിൽ കുടുങ്ങി. തൃക്കരിപ്പൂർ ബീരിച്ചേരി മുസ്‌ലിംലീഗ് ഓഫിസ് പരിസരത്തെ വൈദ്യുതി ട്രാൻസ്‌ഫോർമർ യൂനിറ്റിൽ അതിക്രമിച്ചുകടന്ന് വൈദ്യുതിവിതരണം തടസ്സപ്പെടുത്തുകയായിരുന്നു. പടിഞ്ഞാറൻമേഖലയിലെ 25 ട്രാൻസ്‌ഫോർമർ പരിധിയിലെ ഏകദേശം 5000 ഉപഭോക്താക്കളെ ഇരുട്ടിലാക്കിയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യമാണ് തുമ്പായത്. ഹൈടെൻഷൻ ലൈനുകൾ നിയന്ത്രിക്കുന്ന എയർബ്രേക്ക് സംവിധാനം തകരാറിലാവുകയായിരുന്നു. മണിക്കൂറുകൾനീണ്ട പരിശ്രമത്തിനുശേഷമാണ് ബീരിച്ചേരി ട്രാൻസ്‌ഫോർമർ സുരക്ഷാവേലി തുറന്നതായി കണ്ടെത്തിയത്. ഇതോടെ കരുതിക്കൂട്ടിയുള്ള അട്ടിമറിശ്രമമാണെന്നനിലയിൽ സാമൂഹികമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നു. സോഷ്യൽ മീഡിയ 'ഹർത്താൽ' നടന്നതിന് പിന്നാലെയുണ്ടായ സംഭവത്തിൽ പലതരത്തിലുള്ള ആക്ഷേപങ്ങളാണ് ഉയർന്നത്. വൈദ്യുതി അധികൃതർ പൊലീസിൽ പരാതിപ്പെടുകയുംചെയ്തു. അടുത്തിടെ ഉദ്‌ഘാടനംചെയ്ത മുസ്‌ലിംലീഗ് ഓഫിസ് കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറ പരിശോധിച്ചപ്പോൾ മെട്ടമ്മൽ ഭാഗത്തുനിന്നുവന്ന ഒരാൾ ട്രാൻസ്ഫോർമർ പരിസരത്ത് ചെന്ന് അകത്തുകയറുന്നത് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പിന്നീട് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മെട്ടമ്മലിലെ ശശിയെ (കാസി- -50)ചന്തേര പൊലീസ് പിടികൂടി. സബ് എൻജിനീയർ വി. പ്രസാദ് മൊഴിനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.