സിഗ്​നൽ കേബിൾ മുറിഞ്ഞു; ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു; കോട്ടിക്കുളത്ത്​ രണ്ട്​ ട്രെയിനുകൾ ഒരേ ട്രാക്കിൽ

കാസർകോട്: റെയിൽവേ സിഗ്നല്‍ കേബിൾ മുറിഞ്ഞതിനെത്തുടർന്ന് മംഗളൂരു-കണ്ണൂർ റൂട്ടിൽ മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം മുടങ്ങി. കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ ഒരേ ട്രാക്കിൽ വന്നുനിന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സിഗ്നൽ കേബിളുകൾ മുറിഞ്ഞത്. ട്രാക്കുകൾക്കിടയിലെ അഴുക്കുചാൽ എക്സ്കവേറ്റർ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ സിഗ്നൽ 1 എ 16, 17 കേബിളുകൾ മുറിയുകയായിരുന്നു. ചെറുവത്തൂർ-മംഗളൂരു പാസഞ്ചർ കാസർകോട് റെയിൽവേ സ്റ്റേഷൻ വിട്ടതിനു ശേഷമാണ് സിഗ്നൽ ബന്ധം വേർപെട്ടത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ്, പുതുച്ചേരി എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനിൽ ഒരേ ട്രാക്കിൽ നിർത്തിയിട്ടു. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് യാത്ര തുടരാനാവാതെ രണ്ടാം നമ്പർ ട്രാക്കില്‍ കുടുങ്ങിയ സമയത്താണ് പിറകെ പുതുച്ചേരി എക്സ്പ്രസ് ഇതേ ട്രാക്കിലേക്ക് വന്നത്. ചെന്നൈ എക്‌സ്പ്രസ് നിര്‍ത്തിയിട്ടതിന് മീറ്ററുകൾ മാത്രം അകലെയാണ് പുതുച്ചേരി വണ്ടി പിടിച്ചിട്ടത്. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കി. പിന്നീട് വരേണ്ട ഏഴ് ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് സർവിസ് നടത്തിയത്. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് ഒന്നര മണിക്കൂറോളം കാസർകോട് തളങ്കര പാലത്തിന് സമീപം നിർത്തിയിട്ടു. മാവേലി എക്സ്പ്രസ്, ഡെറാഡൂൺ-കൊച്ചുവേളി, ചെന്നൈ സൂപ്പർഫാസ്റ്റ്, പുതുച്ചേരി എക്സ്പ്രസ്, എഗ്മോർ, ഏറനാട്, കോയമ്പത്തൂർ പാസഞ്ചർ എന്നിവയാണ് മണിക്കൂറുകളോളം വൈകിയത്. രണ്ടാം നമ്പർ ട്രാക്കിൽ നിശ്ചിത അകലത്തിലാണ് ചെന്നൈ സൂപ്പർ ഫാസ്റ്റും പുതുച്ചേരി എക്സ്പ്രസും നിർത്തിയിട്ടതെന്നും ഇത് നിയമപ്രകാരം അനുവദനീയമാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സംഭവത്തിൽ രണ്ടുപേർക്കെതിരെ റെയിൽവേ സംരക്ഷണസേന കേസെടുത്തു. ഒാവുചാൽ ശുചീകരണക്കരാർ ഏറ്റെടുത്ത കാസർകോട് മൊഗ്രാലിലെ അബ്ദുൽ ഗനി (49), എക്സ്കവേറ്റർ ഡ്രൈവർ ഝാർഖണ്ഡ് ഹസാരിബാഗ് സ്വദേശി ഇസ്റാഫിൻ (28) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. റെയിൽവേ സിഗ്നൽ സീനിയർ സെക്ഷൻ എൻജിനീയറുടെ പരാതിയിലാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.