മൽത്തിക്കുണ്ട്​ തടയണ: അപകടത്തിലേക്കൊരു പാലം

കാസർകോട്: ചെങ്കള പഞ്ചായത്തിലെ നെക്രാജെയിൽ 17 വർഷം മുമ്പ് തകർന്ന തടയണയും നടപ്പാലവും പുതുക്കിപ്പണിഞ്ഞില്ല. അധികൃതരുടെ അനാസ്ഥ 50 ഏക്കറോളം സ്ഥലത്തെ കൃഷിയെയും നാട്ടുകാരുടെ സഞ്ചാരത്തെയും ബാധിച്ചു. പഞ്ചായത്തിലെ മൂന്ന്-നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന കോലാരി മൽത്തിക്കുണ്ട് തോടിന് കുറുകെയുള്ള ചെക്ഡാമാണ് തകർന്ന് അപകടനിലയിലായത്. 1957ൽ ആദ്യത്തെ ഇടതുസർക്കാറി​െൻറ കാലത്ത് ചെറുകിട ജലസേചന വകുപ്പ് ജലസേചനത്തിനും തോടി​െൻറ ഇരുകരകളിലുമുള്ള നാട്ടുകാർക്ക് സഞ്ചാര സൗകര്യത്തിനുമായി നിർമിച്ചതാണ് മൽത്തിക്കുണ്ട് തടയണ. ഗതാഗത സൗകര്യം കുറഞ്ഞ ഉൾഗ്രാമമായ ഇൗ പ്രദേശത്തുനിന്ന് പിലാങ്കട്ട, ബദിയഡുക്ക എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് എത്തിച്ചേരാൻ വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് ഇൗ തടയണയെയാണ്. തടയണ തകർന്നതോടെ മഴക്കാലത്ത് ജീവൻ പണയംവെച്ചാണ് കുട്ടികളടക്കമുള്ള നാട്ടുകാർ തോടി​െൻറ ഇരുകരകളിലേക്കും പോകുന്നത്. പലതവണ ആളുകൾ തോട്ടിൽ വീണ് അപകടമുണ്ടായിട്ടുണ്ട്. 30 കിലോമീറ്ററോളം ചുറ്റളവിലെ നെൽകൃഷിയെയും തെങ്ങ്, കവുങ്ങ് കൃഷിയെയും തടയണയുടെ തകർച്ച ബാധിച്ചു. വെള്ളം കിട്ടാത്തതിനാൽ വേനൽക്കാലത്ത് കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്. പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പലതവണ പരാതി നൽകിയിട്ടും പരിഹാര നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. തടയണ പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം കുർള അബ്ദുല്ലക്കുഞ്ഞി ചെറുകിട ജലസേചന വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.