വിള ഇൻഷുറൻസ്​ ദിനാചരണം നാളെ

കാസർകോട്: ജൂലൈ ഒന്നിന് എല്ലാ ഗ്രാമപഞ്ചായത്ത് കൃഷിഭവനുകളിലും വിള ഇൻഷുറൻസ് ദിനം ആചരിക്കും. ഗ്രാമപഞ്ചായത്ത് ഭരണസമിതികളുടെയും കാർഷിക വികസനസമിതികളുടെയും നേതൃത്വത്തിലായിരിക്കും ദിനാചരണം. വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിട്ട് 21 വർഷം കഴിഞ്ഞെങ്കിലും കർഷകർക്കു നൽകുന്ന നഷ്ടപരിഹാര തുക വളരെ തുച്ഛമായിരുന്നു. എന്നാൽ, സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രധാനവിളകളെ ഉൾപ്പെടുത്തി കഴിഞ്ഞ മാർച്ചിൽ സർക്കാർ പുനരാവിഷ്കരിച്ച് ഉത്തരവാക്കിയിട്ടുണ്ട്. പുനരാവിഷ്കരിച്ച വിള ഇൻഷുറൻസ് പദ്ധതിമൂലം നഷ്ടപരിഹാര തുകയിൽ ഇരട്ടി മുതൽ പത്തിരട്ടി വരെയുള്ള വൻവർധനയാണ് വിവിധ വിളകൾക്ക് ഉണ്ടായിട്ടുള്ളത്. പ്രീമിയം നിരക്ക് സംസ്ഥാനത്തെ പ്രധാനപ്പെട്ട വിളകളായ നെല്ല്, പച്ചക്കറി, തെങ്ങ് എന്നിവയുടെ കാര്യത്തിൽ 1995ൽ നിലവിലുണ്ടായിരുന്ന അതേനിരക്ക് നിലനിർത്തുകയും ചെയ്തിട്ടുണ്ട്. കർഷകരുടെ യഥാർഥത്തിലുള്ള നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാര തുക പരിഷ്കരിച്ചതാണ് പദ്ധതിയിലെ പ്രധാനമാറ്റം. പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തിലെ മുഴുവൻ കർഷകരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന കൃഷിവകുപ്പ് നാളെ വിള ഇൻഷുറൻസ് ദിനാചരണം നടത്തുന്നത്. വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യജീവി ആക്രമണം എന്നിവകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങൾ വിള ഇൻഷുറൻസി​െൻറ പരിധിയിൽ വരും. കായ്ഫലം നൽകുന്ന തെങ്ങൊന്നിന് ഒരുവർഷത്തേക്ക് രണ്ടുരൂപയാണ് പ്രീമിയം. നഷ്ടപരിഹാരത്തോത് 2000 രൂപയും. കറയെടുക്കുന്ന റബർമരത്തിന് മൂന്നുരൂപയാണ് ഒരുവർഷത്തെ പ്രീമിയം. റബർമരം പൂർണമായും നശിച്ചാൽ 1000 രൂപ കർഷകന് നഷ്ടപരിഹാരമായി ലഭിക്കും. നട്ടുകഴിഞ്ഞാൽ അഞ്ചുമാസത്തിനുള്ളിൽ വാഴ ഇൻഷുർചെയ്യണം. വാഴ ഒന്നിന് മൂന്നുരൂപയാണ് പ്രീമിയം. കുലച്ചശേഷമാണ് നഷ്ടപ്പെടുന്നതെങ്കിൽ നേന്ത്രനും കപ്പവാഴക്കും 300 രൂപയും ഞാലിപ്പൂവന് 200 രൂപയും മറ്റിനങ്ങൾക്ക് 75 രൂപയും ലഭിക്കും. കുലക്കാത്ത വാഴക്കും നഷ്ടപരിഹാരമുണ്ട്. 25 സ​െൻറ് സ്ഥലത്തെ നെൽകൃഷിക്ക് 25 രൂപ മാത്രമാണ് പ്രീമിയം. നട്ട് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനുള്ളിൽ ഇൻഷുർചെയ്യണം. നട്ട് ഒന്നരമാസത്തിനുള്ളിലാണ് നഷ്ടം സംഭവിക്കുന്നതെങ്കിൽ 25 സ​െൻറിന് 1500 രൂപയും 45 ദിവസത്തിന് ശേഷമാണെങ്കിൽ 3500 രൂപയും നഷ്ടപരിഹാരം നൽകും. വിളകൾക്ക് നഷ്ടം സംഭവിച്ചാൽ രണ്ടാഴ്ചക്കകം നിർദിഷ്ടഫോറത്തിൽ അപേക്ഷിക്കണം. പൂർണ നാശത്തിനാണ് നഷ്ടപരിഹാരം നൽകുക. കൃഷിഭവനിലാണ് വിള ഇൻഷുറൻസ് ചെയ്യുന്നതിനുള്ള അപേക്ഷ നൽകേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.