പെരുവാമ്പയിൽ ക്വാറിയുടെ ഭിത്തി തകർന്നു; മലവെള്ളപ്പാച്ചിലിൽ വൻ നാശം

പയ്യന്നൂർ: മാതമംഗലത്തിനടുത്ത് പെരുവാമ്പയിൽ സ്വകാര്യ വ്യക്തിയുടെ കരിങ്കൽ ക്വാറിയുടെ മൺഭിത്തി തകർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വൻ നാശനഷ്ടം. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് നാടിനെ ഭീതിയിലാഴ്ത്തി നാശംവിതച്ച് മലവെള്ളം കുതിച്ചൊഴുകിയത്. തളിയിൽ അശോക​െൻറ ആലയിൽ കെട്ടിയ പശുക്കിടാവ് ഒഴുകിയെങ്കിലും വീട്ടുകാർ കണ്ടതിനാൽ രക്ഷപ്പെടുത്താനായി. സമീപത്തെ കിണറ്റിൽനിന്നാണ് കിടാവിനെ കണ്ടെടുത്തത്. അശോകൻ, ഇസ്മാഈൽ എന്നിവരുടെ വീട്ടുമതിൽ തകർന്നു. ഇതിനുപുറമെ സമീപത്തെ വയനാട്ടുകുലവൻ, ഗുളികൻ ക്ഷേത്രങ്ങളുടെ ചുറ്റുമതിലും തകർന്നു. നിരവധി കൃഷിക്കാരുടെ റബർ, കുരുമുളക്, തെങ്ങ്, കവുങ്ങ്, വാഴ കൃഷികൾക്കും നാശമുണ്ടായി. നിരവധി കിണറുകളും മലിനമായി. സ്കൂൾ സമയമാകാത്തതിനാൽ വൻ ദുരന്തം ഒഴിവായി. വിദ്യാർഥികൾ യാത്ര ചെയ്യാറുള്ള റോഡിലൂടെയാണ് വെള്ളം കുത്തിയൊഴുകിയത്. പുതിയ ക്വാറി നിർമിക്കുമ്പോൾ പഴയ ക്വാറിയിൽ വെള്ളം കെട്ടി നിർത്താനുള്ള ക്വാറി ഉടമയുടെ എളുപ്പവഴിയാണ് ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പഴയ ക്വാറിയിലേക്ക് ലോറിപോയ വഴിയിൽ 25ലധികം ലോഡ് മണ്ണിട്ടാണ് വെള്ളം കെട്ടിനിർത്തിയത്‌. രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ക്വാറി നിറഞ്ഞതോടെ മൺഭിത്തി തകരുകയായിരുന്നു. കല്ലും മണ്ണും ഉൾപ്പെടെ ഒഴുകി പുഴയിലെത്തി. വൻ ശബ്ദത്തോടെയുള്ള വെള്ളപ്പാച്ചിൽ നാടിനെ ഭീതിയിലാഴ്ത്തി. റവന്യൂ, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.