എൽ.പി സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു

തലശ്ശേരി: ധർമടം മണ്ഡലത്തിലെ എൽ.പി സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എം.എൽ.എ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയ​െൻറ നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതികൾക്ക് രൂപം നൽകി. ധർമടം മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഓരോ എൽ.പി സ്കൂളിലും അത്യാവശ്യംവേണ്ട കാര്യങ്ങൾ അതത്‌ സ്കൂൾ വിദ്യാഭ്യാസ സമിതികൾ എത്രയും വേഗം യോഗം ചേർന്ന് തയാറാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇത്തരത്തിൽ മണ്ഡലത്തിലെ 101 എൽ.പി സ്കൂളുകളും റിപ്പോർട്ട് തയാറാക്കി മണ്ഡലം വിദ്യാഭ്യാസ സമിതിക്ക് നൽകണം. തുടർന്ന് മണ്ഡലം വികസനസമിതി യോഗം ചേർന്ന് ഓരോ എൽ.പി സ്കൂളിനും അത്യാവശ്യമായ വികസനത്തിന് രൂപം നൽകും. വികസന പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ടിൽ മാനേജർ, സ്കൂൾ വികസന സമിതി എന്നിവർ വിഹിതം വഹിക്കണം. ഒരുപങ്ക് പൂർവ വിദ്യാർഥികളിൽ നിന്നും കണ്ടെത്തും. കൂടുതലായി വേണ്ടിവരുന്ന തുക മണ്ഡലം വിദ്യാഭ്യാസ സമിതി ഓരോ വിദ്യാലയത്തിന് നൽകാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ കെ.കെ. രാഗേഷ് എം.പി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി കൺവീനർ എ. മധുസൂദനൻ കഴിഞ്ഞ എട്ടു മാസമായി മണ്ഡലത്തിൽ നടന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പി. ബാലൻ സ്വാഗതം പറഞ്ഞു. എൽ. പി സ്കൂളുകളിലെ മാനേജർമാർ, ഹെഡ്മാസ്റ്റർമാർ, പി.ടി.എ പ്രസിഡൻറുമാർ, മണ്ഡലത്തിലെ പ്രസിഡൻറുമാർ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.