പഞ്ചായത്ത്​ സാക്ഷ്യപത്രം നിഷേധിച്ചു; കൂളിപ്പാറയിലെ ആദിവാസികൾക്ക്​ 'ആശിച്ച ഭൂമി' കിട്ടിയില്ല

കാസർകോട്: ആശിക്കുന്നഭൂമി ആദിവാസികള്‍ക്ക് നല്‍കുന്നതിനുള്ള സർക്കാർ പദ്ധതിക്ക് പഞ്ചായത്ത് അധികൃതർ തടസ്സംനിൽക്കുന്നതായി പരാതി. പദ്ധതിപ്രകാരം ഭൂമി അനുവദിക്കുന്നതിനുള്ള സമ്മതപത്രം നൽകാൻ പഞ്ചായത്ത് സെക്രട്ടറിയും ഭരണസമിതിയും തയാറാകാത്തതിനാൽ ഗുണഭോക്താക്കളായ ആദിവാസികൾ ഒമ്പതു മാസമായി ഒാഫിസുകൾ കയറിയിറങ്ങുകയാണ്. കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഒമ്പതാം വാർഡിൽെപട്ട കനകപ്പള്ളി കൂളിപ്പാറ ഉൗരിലെ കുറ്റിയാൽ വീട്ടിൽ കെ. തമ്പായി, പി. ശ്രീധരൻ, ടി. കുഞ്ഞിരാമൻ എന്നിവർക്കാണ് പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും സാക്ഷ്യപത്രം നിഷേധിച്ചത്. മറ്റ് വകയിൽ ഭൂമി ലഭിക്കാൻ സാധ്യതയില്ലെന്ന് കാണിച്ച് വില്ലേജ് ഒാഫിസർ സാക്ഷ്യപത്രം നൽകിയിട്ടുണ്ടെങ്കിലും ഉൗരുകൂട്ടം അംഗീകരിച്ചതായി സാക്ഷ്യപ്പെടുത്തുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ പദ്ധതിപ്രകാരമുള്ള ഭൂമി കൈവിട്ടുപോകുന്ന സ്ഥിതിയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം' പദ്ധതി പ്രകാരം 2016 നവംബറിലാണ് ഇവർ ഭൂമിക്ക് അപേക്ഷ നൽകിയത്. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട ഉൗരുകൂട്ടം മിനിറ്റ്സി​െൻറ പകർപ്പിൽ ആദ്യഘട്ടത്തിൽ ഇവരുടെ പേരുകൾ ഇല്ലായിരുന്നു. പിന്നീട് 2017 ഏപ്രിലിൽ വീണ്ടും ഉൗരുകൂട്ടം യോഗംചേർന്ന് പേരുകൾ ഉൾപ്പെടുത്തുകയായിരുന്നു. ഇതുസംബന്ധിച്ച സാക്ഷ്യപത്രത്തിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയപ്പോൾ ഭരണസമിതിയുടെ അനുവാദമില്ലാതെ തരാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ഭരണസമിതിയോഗം ചേർന്നതിനുശേഷം വീണ്ടും സമീപിച്ചപ്പോൾ ഭരണസമിതി സാക്ഷ്യപത്രം നൽകുന്നതിനുള്ള അപേക്ഷ അംഗീകരിച്ചില്ലെന്നാണ് പറഞ്ഞത്. സാക്ഷ്യപത്രം അനുവദിക്കാൻകഴിയില്ലെന്ന് കാണിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും ഇവർക്ക് ലഭിച്ചിട്ടുണ്ട്. തങ്ങൾക്ക് സാക്ഷ്യപത്രം ലഭിക്കാതിരുനാൽ തങ്ങളോടൊപ്പം അപേക്ഷ സമർപ്പിച്ച മറ്റു 17 കുടുംബങ്ങൾക്കും പദ്ധതിപ്രകാരമുള്ള ഭൂമി നിഷേധിക്കപ്പെടുമെന്ന് കാണിച്ച് ജില്ല കലക്ടർ, ജില്ല പട്ടികവർഗ വികസന ഒാഫിസർ എന്നിവർക്ക് ഇവർ പരാതി നൽകിയിരുന്നു. ഏറ്റവും ഒടുവിൽ പട്ടികവിഭാഗങ്ങൾക്കെതിരായ നിഷേധവും അതിക്രമങ്ങളും അന്വേഷിക്കുന്ന സ്പെഷൽ മൊബൈൽ സ്ക്വാഡിന് പരാതി നൽകി. ഇതേത്തുടർന്ന് ഒരാഴ്ചമുമ്പ് പഞ്ചായത്ത് സെക്രട്ടറിയെ ജില്ല പട്ടികവർഗ വികസന ഒാഫിസിൽ വിളിച്ചുവരുത്തി അനുരഞ്ജനചർച്ച നടത്തുകയും സർട്ടിഫിക്കറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് നിർേദശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് വീണ്ടും പഞ്ചായത്ത് ഒാഫിസിലെത്തിയെങ്കിലും വൈകീട്ടുവരെ കാത്തുനിൽക്കാൻ പറഞ്ഞശേഷം തിരിച്ചയച്ചുവെന്നാണ് കോളനിവാസികളുടെ ആക്ഷേപം. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ കോളനിവാസിയായ യുവതി ദലിത് സർവിസ് സൊസൈറ്റിയുടെ പിന്തുണയോടെ മത്സരിച്ചതാണ് പഞ്ചായത്ത് അധികൃതരുടെ നിഷേധാത്മക സമീപനത്തിന് കാരണമെന്ന് ഇവർ ആരോപിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.