വേഷപ്രച്ഛന്നരായി കൗൺസിലർമാരെത്തി; മാലിന്യം തള്ളുന്നത്​ കൈയോടെ പിടികൂടി

നീലേശ്വരം: നഗരസഭ ബസ്സ്റ്റാൻഡിന് സമീപം രാത്രിയിൽ മാലിന്യം തള്ളുന്നവരെ വേഷംമാറിയെത്തിയ യുവ നഗരസഭ കൗൺസിലർമാർ കൈയോടെ പിടികൂടി. മാലിന്യം പ്ലാസ്റ്റിക് കൂടിലാക്കി തള്ളാനെത്തിയ സമീപത്തെ മെഡിക്കൽ ഷോപ് ഉടമയെയും ബേക്കറി മാലിന്യവുമായി എത്തിയയാളെയും പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. നഗരസഭ കൗൺസിലർമാരായ എ.വി. സുരേന്ദ്രൻ, പി.കെ. രതീഷ്, പി. മനോഹരൻ, കെ.വി. സുധാകരൻ എന്നിവരാണ് മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. രാത്രി മഴക്കോട്ടും ഹെൽമറ്റും ധരിച്ച് ഇവർ ബസ്സ്റ്റാൻഡിലും പരിസരത്തുമായി നിലയുറപ്പിച്ചു. തുടർന്നാണ് മാലിന്യം തള്ളാനെത്തിയവരെ പിടിച്ചത്. ബസ്സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗെത്ത മാലിന്യക്കൂമ്പാരം മഴ പെയ്തതോടെ ചീഞ്ഞുനാറാൻ തുടങ്ങിയിട്ടുണ്ട്. നഗരം മുഴുവൻ മാലിന്യക്കൂമ്പാരമായി മാറിയിട്ടും നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിനാൽ പ്രതിഷേധം ഉയരുകയാണ്. ചിറപ്പുറത്ത് നിർമിച്ച മാലിന്യ സംസ്കരണ പ്ലാൻറ് ഏഴുവർഷമായി അടഞ്ഞുതന്നെ കിടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.