ചർളടുക്ക–മാന്യ റോഡ് തോടായി; അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ബദിയടുക്ക: പൊട്ടിപ്പൊളിഞ്ഞ് മഴവെള്ളം കെട്ടിക്കിടന്ന് തോടായി മാറിയ ചർളടുക്ക-മാന്യ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. ഇതിൽ പ്രതിഷേധിച്ച് ബന്ധപ്പെട്ട അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കാസർകോട് പൊതുമരാമത്തി​െൻറ കീഴിലുള്ള ബദിയടുക്ക- ചെർക്കള റോഡിൽനിന്ന് കാസർകോട്- മാന്യ- നീർച്ചാൽ റോഡിനെ ബന്ധിപ്പിക്കുന്ന മൂന്നര കിലോമീറ്റർ ദൂരമുള്ള റോഡാണിത്. ഒരുവർഷം മുമ്പ് അറ്റകുറ്റപ്പണി എന്ന പേരിൽ ലക്ഷങ്ങൾ ചെലവാക്കി പ്രവൃത്തി നടത്തിയെങ്കിലും വൻ കൃത്രിമം നടന്നതായി പരാതികൾ ഉയർന്നിരുന്നു. റീടാറിങ് നടത്തി രണ്ട് മാസം തികയുന്നതിനു മുമ്പുതന്നെ റോഡ് പഴയ സ്ഥിതിയിലേക്കാണ് എത്തിയത്. നീർച്ചാൽ വഴി കുമ്പള ഭാഗത്തേക്കും മാന്യ വഴി കാസർകോട് ഭാഗത്തേക്കും മധൂർ -ചെർക്കള റോഡിനെ ബന്ധിപ്പിക്കുന്നതിനാൽ എളുപ്പവഴിയായി ഈ റോഡിനെയാണ് ഉപയോഗിക്കുന്നത്. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നു. മാന്യ പ്രദേശത്ത് പ്രവർത്തിക്കുന്ന ചെങ്കല്ല് ക്വാറികളിലേക്കുള്ള ടിപ്പർ ലോറികളുടെ കടന്നുപോക്കാണ് റോഡുകൾ താറുമാറാകാൻ കാരണം. മഴക്കാലം വന്നതോടെ കുഴികളിൽ മഴവെള്ളം കെട്ടിനിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്കുപോലും നടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്. ചളിവെള്ളം ദേഹത്ത് തെറിക്കുന്നതിനാൽ ബൈക്ക് യാത്രക്കാർ പരസ്പരം വാക്കേറ്റങ്ങൾക്ക് ഇടയാക്കുന്നു. ഈ റോഡ് വീതിയോടെ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതർക്ക് നിവേദനം സമർപ്പിച്ചെങ്കിലും നടപടികൾ ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.