കൊക്കാൽ ദ്വീപിൽ ഈ കുടുംബം തനിച്ചാണ്

ഇബ്രാഹീം തൃക്കരിപ്പൂർ തൃക്കരിപ്പൂർ: കവ്വായിക്കായലിലെ കൊക്കാൽ തുരുത്തിൽ അവശേഷിക്കുന്നത് കെ.പി. കുഞ്ഞിക്കണ്ണ​െൻറ കുടുംബംമാത്രം. മെച്ചപ്പെട്ട യാത്ര, ജീവിതസാഹചര്യങ്ങൾ തേടി ഇവിടത്തെ താമസക്കാർ ഒന്നൊന്നായി പറിച്ചുനട്ടപ്പോഴും കുഞ്ഞിക്കണ്ണൻ പിടിച്ചുനിൽക്കുകയാണ്. നേരത്തെ ഇവിടെ ഏഴു കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഒാരോരുത്തരായി പലയിടങ്ങളിലേക്ക് താവളംതേടിപ്പോയി. ഏറ്റവുമൊടുവിൽ, ദ്വീപ് വാസിയായിരുന്ന കെ.വി. കുഞ്ഞിരാമൻ പടന്ന തെക്കേക്കാട്ടിലേക്ക് താമസം മാറിയതോടെയാണ് കുഞ്ഞിക്കണ്ണ​െൻറ കുടുംബം ഒറ്റക്കായത്. ദ്വീപുവാസിയായ ശാന്തയെ കല്യാണം കഴിച്ചാണ് തെക്കേക്കാട്ടിൽനിന്ന് കുഞ്ഞിക്കണ്ണൻ ഇവിടെയെത്തിയത്. ഭാര്യക്കും മകനുമൊപ്പം പശുവളർത്തിയാണ് കുടുംബം പുലർത്തുന്നത്. മഴക്കാലത്ത് ദ്വീപിൽ കഴിയുക ഏറെ ബുദ്ധിമുട്ടാണെന്ന് കുഞ്ഞിക്കണ്ണൻ പറയുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ തോണിയല്ലാതെ മാർഗമില്ല. ഒഴിഞ്ഞുപോയ കുഞ്ഞിരാമൻ വീട്ടിലെ പശുവിനെ കറക്കാൻ ദ്വീപിലേക്ക് വരുമ്പോൾ മാത്രമാണ് പുറത്തുള്ളവരുമായി ഒന്ന് മിണ്ടാൻപോലും കഴിയുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽപോലും വിളിപ്പുറത്ത് ആരുമില്ലെന്നതോന്നൽ ഭീതിയുണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു. ദ്വീപിൽ പശുക്കളെ അഴിച്ചയച്ച് മേയ്ക്കാം എന്നുള്ളതാണ് ഒറ്റക്ക് കഴിയുന്നതി​െൻറ മേന്മയായി കുഞ്ഞിക്കണ്ണൻ കാണുന്നത്. പടന്നയിൽനിന്നുള്ള കുടിവെള്ള പൈപ്പ് വഴിയാണ് ശുദ്ധജലം കിട്ടുന്നത്. അടുത്തിടെ ദ്വീപിൽ വൈദ്യുതിയെത്തിയതും ഇവർക്ക് തുണയായി. പ്രസവംപോലുള്ള സംഗതികൾക്ക് മുൻകൂട്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. കാൽനൂറ്റാണ്ടായി ദ്വീപിൽ കഴിയുന്ന കുഞ്ഞിക്കണ്ണ​െൻറ കുടുംബം അഞ്ചുവർഷമായി തീർത്തും ഒറ്റക്കാണ്. പട്ടയഭൂമി ഉൾെപ്പടെ 25 ഏക്കറോളമാണ് തുരുത്തി​െൻറ വിസ്തൃതി. കാസർകോട് സ്വദേശിയുടെ കൈയിലാണ് ഭൂമിയുടെ ഭൂരിഭാഗവും. തെങ്ങിൻതോപ്പ് അവരിൽനിന്ന് മൊത്തമായി പാട്ടംകൊണ്ടിരിക്കുകയാണ് കുഞ്ഞിക്കണ്ണൻ. അടുത്തിടെ ചെമ്മീൻകെട്ട് ഒരുക്കിയപ്പോൾ ഉണ്ടാക്കിയ ബണ്ട് വന്നതോടെ കരയിലേക്ക് തുഴയാനുള്ള ദൂരം പാതി കുറഞ്ഞിട്ടുണ്ടെന്നും കുഞ്ഞിക്കണ്ണൻ ആശ്വസിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.