ട്രോളിങ്​ നിരോധനം കർശനം: കാലവർഷ സുരക്ഷക്കും വിപുല സന്നാഹം

കണ്ണൂർ: ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ നീളുന്ന ട്രോളിങ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായി എ.ഡി.എം ഇ. മുഹമ്മദ് യൂസുഫി​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിരോധനവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ഏര്‍പ്പെടുത്തിയതായി കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ. സുധീര്‍ കിഷൻ അറിയിച്ചു. ഈ കാലയളവില്‍ വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ്/മിനിട്രോളിങ് എന്നിവ പാടില്ല. നിയമം ലംഘിച്ച് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീരംവിട്ടുപോവാന്‍ നിര്‍ദേശം നല്‍കിയതായും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഫിഷറീസ് അസി. ഡയറക്ടര്‍ കെ. അജിത പറഞ്ഞു. കടലില്‍ പോകുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ തൊഴിലാളികളുടെ പേരുവിവരവും മൊബൈല്‍ ഫോണ്‍ നമ്പറും സൂക്ഷിക്കണം. കടല്‍ക്ഷോഭമുണ്ടാകുന്ന സമയത്ത് പരമാവധി കടലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൊഴിലാളികള്‍ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യം നേരിടാന്‍ കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം (ഫോൺ: 0497 2732487, 9496007039, 9496007033) പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ രണ്ട് ബോട്ടുകളും ഒരുഫൈബര്‍ വള്ളവും സജ്ജമാക്കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് റസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിച്ചതായും അവര്‍ അറിയിച്ചു. ട്രോളിങ് നിരോധനം കാരണം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് സൗജന്യ റേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രസന്ന, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ, വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സുഭാഷ്, കോസ്റ്റ് ഗാർഡ് ഓഫിസര്‍ കെ. അശോക് കുമാർ, ജില്ലതല ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മ​െൻറ് ആൻഡ് വിജിലന്‍സ് ജീവനക്കാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.