സര്‍ക്കാര്‍ ആശുപത്രിയില്‍ പരിചരണം ലഭിച്ചില്ല; യുവതി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു

മംഗളൂരു: കുന്താപുരം താലൂക്ക് ഗവ. ആശുപത്രിയില്‍ പരിചരണം ലഭിക്കാതെ യുവതി സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചു. കോദി ഹാലെ അവിലെയിലെ ആശയാണ് (29) സ്വകാര്യ ആശുപത്രിയിൽ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. മാതാവും ബന്ധുവും ചേര്‍ന്നാണ് ആശയെ തിങ്കളാഴ്ച രാത്രി പ്രസവവേദനയെ തുടര്‍ന്ന് ഓട്ടോയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ഗൈനക്കോളജിസ്റ്റ് അവധിയിലാണെന്ന് നഴ്സുമാര്‍ അറിയിച്ചു. മറ്റൊരു ഡോക്ടറുടെ സേവനം അപ്പോള്‍ ലഭ്യവുമല്ലായിരുന്നു. യുവതിക്ക് പ്രസവസമയം ആയില്ലെന്ന് അറിയിച്ച നഴ്സുമാര്‍ ആംബുലന്‍സ് വിളിച്ച് ഉഡുപ്പി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. ആംബുലന്‍സിന് നിരന്തരം വിളിച്ചെങ്കിലും പ്രതികരിച്ചില്ല. തുടർന്ന് ഓട്ടോയില്‍ അടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബാംഗമായ ആശക്ക് ജനനിവാഹിനി പദ്ധതിയില്‍ ലഭ്യമാക്കാവുന്ന ആംബുലന്‍സും സംവിധാനങ്ങളും താലൂക്കാശുപത്രിയില്‍ ഉണ്ടായിരുന്നിട്ടും അധികൃതര്‍ നിഷേധിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ബന്ധുക്കൾ കുന്താപുരം താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ എ. ഉദയചന്ദ്രക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.