കോൺഗ്രസ്​ സംഘടന തെരഞ്ഞെടുപ്പി​െൻറ സമയക്രമം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കോൺഗ്രസിൽ സംഘടന തെരഞ്ഞെടുപ്പിന് സമയക്രമം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ചേർന്ന പ്രവർത്തക സമിതി യോഗമാണ് ഇതിന് അന്തിമ അംഗീകാരം നൽകിയത്. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമര്‍പ്പിച്ച സമയക്രമം പ്രവര്‍ത്തക സമിതി അതേപടി അംഗീകരിച്ചു. ആദ്യ ഘട്ടത്തിൽ ബൂത്ത് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാവും നടക്കുക. ഇത് ആഗസ്റ്റ് ഏഴിന് ആരംഭിച്ച് ആഗസ്റ്റ് 20ന് മുമ്പ് പൂര്‍ത്തിയാക്കും. ഇതോടൊപ്പം തന്നെ ബ്ലോക്ക് അംഗങ്ങളെയും തെരഞ്ഞെടുക്കും. രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറുമാരുടേയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് നടക്കും. ആഗസ്റ്റ് 21ന് ആരംഭിച്ച് സെപ്റ്റംബര്‍ നാലുവരെ ഇത് നീളും. ജില്ല, പി.സി.സി അംഗങ്ങളുടെ തെരെഞ്ഞടുപ്പും ഇതോടൊപ്പം നടക്കും. ആറ് ജില്ല കമ്മിറ്റി അംഗങ്ങളെയും ഒരു പി.സി.സി അംഗത്തെയുമാകും ഒരു ബ്ലോക്ക് കമ്മിറ്റിക്ക് തെരഞ്ഞെടുക്കാന്‍ കഴിയുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച് 15വരെ നീളുന്നതാണ് മൂന്നാം ഘട്ടം. ഈ ഘട്ടത്തില്‍ ജില്ല കമ്മിറ്റി അധ്യക്ഷന്മാരുടെയും ഭാരവാഹികളുടേയും തെരഞ്ഞെടുപ്പ് നടക്കും. നാലാം ഘട്ടത്തില്‍ സംസ്ഥാന പി.സി.സി അധ്യക്ഷന്മാര്‍, ഉപാധ്യക്ഷന്മാര്‍, ട്രഷറര്‍, പി.സി.സി എക്സിക്യൂട്ടിവ് അംഗങ്ങള്‍, എ.ഐ.സി.സി അംഗങ്ങൾ, പി.സി.സി ജനറല്‍ ബോര്‍ഡി അംഗങ്ങള്‍, കോണ്‍ഗ്രസ് പ്രസിഡൻറ് എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും. സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെ നീണ്ടു നില്‍ക്കുന്നതാകും ഈ ഘട്ടം. ഇതോടൊപ്പം തന്നെ എ.ഐ.സി.സി അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. ഒക്ടോബര്‍ 16ന് തുടങ്ങി 25ന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. തെരഞ്ഞെടുക്കപ്പെടുന്ന മൊത്തം പി.സി.സി അംഗങ്ങളുടെ എട്ടിലൊന്നാകും ഓരോ സംസ്ഥാനത്തു നിന്നുമുള്ള എ.ഐ.സി.സി അംഗങ്ങളുടെ എണ്ണം. അഞ്ചാം ഘട്ടത്തിലാകും പ്ലീനറി സമ്മേളനം. ഇതി​െൻറ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലീനറി സമ്മേളനം പാര്‍ട്ടി പ്രസിഡൻറി​െൻറ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കും. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തില്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി അംഗങ്ങളാകും പ്രവര്‍ത്തക സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഡിസംബര്‍ 31ന് മുമ്പ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഭാരവാഹികളുടെ പട്ടികയും റിപ്പോര്‍ട്ടും കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കും. അംഗത്വ വിതരണം പല സംസ്ഥാനങ്ങളിലും പൂര്‍ത്തിയായിട്ടുണ്ട്. ഇൗ സംസ്ഥാനങ്ങളില്‍ നിശ്ചിത സമയത്തിനുള്ളില്‍ അംഗത്വ പട്ടിക പ്രസിദ്ധീകരിക്കും. പരാതികള്‍ ജില്ല സൂക്ഷ്മ പരിശോധന സമിതിക്ക് മുമ്പാകെ നല്‍കാന്‍ അവസരം നൽകും. ജൂണ്‍ 15ന് മുമ്പ് ഈ പരാതികളിന്മേല്‍ തീര്‍പ്പുകല്‍പിക്കണം. ജില്ല സൂക്ഷ്മ പരിശോധന സമിതിയുടെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയെ ജൂണ്‍ 25 വരെ സമീപിക്കാം. ജൂലൈ 10നകം ഈ പരാതികളിന്മേല്‍ സംസ്ഥാന സമിതി തീര്‍പ്പു കല്‍പിക്കണം. സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയുടെ തീരുമാനത്തിന്മേല്‍ പരാതിയുള്ളവര്‍ക്ക് ജൂലൈ 20 വരെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സമീപിക്കാം. വിവിധ സംസ്ഥാനങ്ങളില്‍നിന്നും ലഭിക്കുന്ന പരാതികളിന്മേല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ജൂലൈ 30ന് മുമ്പ് തീര്‍പ്പുകല്‍പിക്കും. ഇതി​െൻറ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അന്തിമ പട്ടിക ആഗസ്റ്റ് ആറിന് ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ പ്രസിദ്ധീകരിക്കണം. –ശ്രീജിത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.