റോഡരികിലെ കൊടിതോരണങ്ങളും ബോർഡുകളും മാറ്റാൻ​ കലക്​ടറുടെ ഉത്തരവ്​്

കണ്ണൂർ: റോഡരികുകളിലും കവലകളിലും ട്രാഫിക് സിഗ്നലുകളിലും മറ്റുമുള്ള കൊടിതോരണങ്ങൾ, ബാനറുകൾ, ബോർഡുകൾ, ഫ്ലക്സുകൾ, ഹോർഡിങ്ങുകൾ, കമാനങ്ങൾ, കട്ടൗട്ടുകൾ, പരസ്യങ്ങൾ തുടങ്ങിയവ ബന്ധപ്പെട്ടയാളുകൾ അടുത്ത തിങ്കളാഴ്ചക്കകം നീക്കം ചെയ്യാൻ ജില്ല കലക്ടർ ഉത്തരവിട്ടു. മഴക്കാലത്ത് ട്രാഫിക് അപകടങ്ങൾ നിയന്ത്രിക്കുന്നതി​െൻറ ഭാഗമായി കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണിത്. റോഡിനോട് ചേർന്ന് കെട്ടിയുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ, നിർമിതികൾ, റോഡിനു കുറുകെ കെട്ടിയ തോരണങ്ങൾ എന്നിവയും നീക്കംചെയ്യണം. ഇവ ൈഡ്രവർമാരുടെ കാഴ്ച മറയ്ക്കുകയും കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാലും മഴയിലും കാറ്റിലും റോഡിലേക്ക് പൊട്ടിവീണ് വാഹനാപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാലുമാണ് തീരുമാനം. നീക്കം ചെയ്തില്ലെങ്കിൽ ഉത്തരവാദികളായവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരമുള്ള ശിക്ഷാനടപടികളെടുക്കും. തിങ്കളാഴ്ച അർധരാത്രി മുതൽ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവ നീക്കം ചെയ്യും. നീക്കം ചെയ്ത് കൊണ്ടുപോവുന്നതിനുവരുന്ന ചെലവ് ബന്ധപ്പെട്ട കക്ഷികളിൽനിന്ന് ഈടാക്കും. ഈ രീതിയിൽ നീക്കം ചെയ്യപ്പെട്ട സാധനങ്ങൾ ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി ലേലത്തിൽ വിറ്റ് തുക സർക്കാറിലേക്ക് കണ്ടുകെട്ടും. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവരുടെ പ്രത്യേക യോഗം വെള്ളിയാഴ്ച വിളിച്ചുചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാൻ തഹസിൽദാർമാർക്ക് കലക്ടർ നിർദേശം നൽകി. ഇത്തരം സ്ഥലങ്ങളിൽ അപകടസൂചനാ ബോർഡുകൾ, റിഫ്ലക്ടറുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ കൈക്കൊള്ളും. അപകടങ്ങൾ കുറക്കുന്നതി​െൻറ ഭാഗമായി ഡിവൈഡറുകളിൽ റിഫ്ലക്ടറുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ സ്ഥാപിക്കും. റോഡുകളിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതി-ടെലിഫോൺ തൂണുകൾ നീക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. റോഡിലേക്ക് പൊട്ടിവീഴാനിരിക്കുന്ന മരങ്ങൾ, മരച്ചില്ലകൾ എന്നിവ നീക്കം ചെയ്യുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് നേരത്തേ നിർദേശം നൽകിയതാണെന്നും വീഴ്ചവരുത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടർ അറിയിച്ചു. എസ്.പി ജി. ശിവവിക്രം, ഡെപ്യൂട്ടി കലക്ടർ (ഡി.എം) ബി. അബ്ദുന്നാസർ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.