ചെമ്മീൻ പാടവരമ്പിൽ ജൈവ പച്ചക്കറി കൃഷിയുടെ വിജയഗാഥ

പയ്യന്നൂർ: ഉപ്പുപാടത്ത് കൃഷി സാധ്യമല്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കുകയാണ് പയ്യന്നൂരിലെ സാമൂഹിക പ്രവർത്തകനും മത്സ്യകർഷകനുമായ ടി.പുരുഷോത്തമൻ. സ്വന്തം ചെമ്മീൻ പാടത്തി​െൻറ അതിർത്തിയിൽ നീണ്ട നടവരമ്പിലാണ് പച്ചക്കറിയുടെ സമൃദ്ധമായ ഹരിത സൗന്ദര്യം കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. ചെമ്മീൻപാടമുണ്ടാക്കുമ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ട കുതിരിലാണ് പച്ചക്കറിവിത്ത് നട്ടത്. വേനൽക്കാലത്ത് ഇവിടത്തെ മണ്ണിൽ നല്ല ഉപ്പുണ്ടാവും. മഴയിൽ ഉപ്പ് ഒലിച്ചിറങ്ങി കൃഷിക്ക് യോഗ്യമായ മണ്ണൊരുക്കമുണ്ടാവുമെന്ന തിരിച്ചറിവാണ് കൃഷിയിറക്കാൻ പുരുഷോത്തമനെ പ്രേരിപ്പിച്ചത്. കൈപ്പാടു െനൽകൃഷിയുടെ രീതിതന്നെയാണ് അവലംബിച്ചത്. പരീക്ഷണം എന്ന നിലയിലായിരുന്നു തുടക്കം. എന്നാൽ, തൈമുളച്ച് നല്ല രീതിയിൽ വളരാൻ തുടങ്ങിയതോടെ കുതിരിൽ മുഴുവൻ കൃഷിയിറക്കി. നൂറു കണക്കിന് മീറ്റർ നീളമുള്ള പാടത്തി​െൻറ സംരക്ഷണ വേലി പോലെ ഇപ്പോൾ പച്ചക്കറി ചെടികൾ പടർന്ന് പന്തലിച്ച്‌ പൂവും കായുമായി നിൽക്കുന്ന കാഴ്ച കാണാം. കക്കിരി, വെള്ളരി, നരമ്പൻ, വെണ്ട, വഴുതിന, പയർ തുടങ്ങിയവയാണ് പ്രധാനമായുള്ളത്. ഇവയുടെ വിളവെടുപ്പും തുടങ്ങി. നാട്ടിൽ തന്നെ ആവശ്യക്കാരേറെയാണ് പച്ചക്കറിക്കെന്ന് പുരുഷോത്തമൻ പറഞ്ഞു. പൂർണമായും ജൈവകൃഷിയാണ് അവലംബിച്ചത്. ഇത് വിപണിയെ സജീവമാക്കുന്നു. ചെമ്മീൻ കൃഷിക്ക് ഏറെ അധ്വാനമുണ്ട്. ഇതി​െൻറ ചെറിയ അംശം കൂടി ഉപയോഗിച്ചാൽ ഒരു പാടത്ത് വെജ്, നോൺ വെജ് കൃഷിയും വിജയിപ്പിക്കാമെന്ന് പുരുഷോത്തമൻ തെളിയിച്ചു. കാര ചെമ്മീൻ കൃഷിയിൽ വൻ വിജയം കൊയ്ത പുരുഷോത്തമൻ തരിശിട്ട പാടവരമ്പിൽ മറ്റൊരു വിജയചരിതമെഴുതുകയാണ്. പയ്യന്നൂരിൽ ബ്ലേഡ് മാഫിയക്കെതിരെ ജനകീയ ഇടപെടൽ നടത്തി പൊലീസ് മർദനം ഏറ്റുവാങ്ങിയ ഈ കർഷകൻ ജൈവ പച്ചക്കറി കൃഷിയിലൂടെ മറ്റൊരു ഇടപെടൽ കൂടി നടത്തി വ്യതിരിക്തനാവുകയാണ്. കൃഷി എല്ലാ വർഷവും തുടരാൻ തന്നെയാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.