പ്രതീക്ഷ തെറ്റിച്ച്​ ലൈഫ് പദ്ധതി; നിരാശയിലായി അപേക്ഷകർ

ബദിയടുക്ക: ഭൂരഹിതർക്കും ഭവനരഹിതർക്കും സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ കരട് പട്ടികയിൽ പരാതികളേറെ. ജൂലൈ 30ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്ന കരട് പട്ടിക പഞ്ചായത്ത് ജനപ്രതിനിധികളുടെ ൈകയിലെത്തിയതോടെയാണ് ആശങ്കയിലായത്. വീടില്ലാത്തവർ വീട് ഉള്ളവരുടെ ലിസ്റ്റിലും ഉള്ളവർ വീടില്ലാത്തവരുടെ ലിസ്റ്റിലും ഇടംപിടിച്ച കരടാണ് പുറത്തുവന്നത്. രണ്ടിലും ഉൾപ്പെടാതെ തള്ളിയ അപേക്ഷകൾ അപ്പീലിനുപോലും പരിഗണിക്കില്ലെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അർഹത ഉണ്ടായിട്ടും ലിസ്റ്റിൽ ഉൾപ്പെടാത്തവരുണ്ടെങ്കിൽ പ്രസിദ്ധീകരിച്ച് 10 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം. കുടുംബശ്രീ വഴി അപേക്ഷ നൽകി വി.ഇ.ഒ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ഹെൽത്ത് നഴ്സ് എന്നിവരാണ് അർഹരുടെ റിപ്പോർട്ട് നൽകിയത്. എന്നാൽ, ഈ അന്വേഷണ റിപ്പോർട്ട് ശരിയായില്ലെന്നാണ് പരാതി. ബദിയടുക്കയിൽ 19ാം വാർഡിൽ 2000ത്തിലേറെ അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ, ലിസ്റ്റിൽ ഉൾപ്പെട്ടത് 180 പേർ മാത്രം. കുമ്പഡാജെയിൽ 13 വാർഡിൽ ആയിരത്തോളം അപേക്ഷകളിൽ 200ഓളം പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്. എൻമകജെയിൽ 17 വാർഡിൽ ആയിരത്തിലേറെ അപേക്ഷകൾ നൽകിയിട്ട് 150 പേരുടെ ലിസ്റ്റാണ് വന്നത്. ഈ ലിസ്റ്റ് കാര്യക്ഷമമല്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ജനപ്രതിനിധികൾ. അന്വേഷണത്തിന് ഏൽപിച്ചവർ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചിട്ടില്ലെന്നും ഡാറ്റ എൻട്രിയിൽ അപാകത ഉള്ളതായും ആരോപണമുണ്ട്. കാര്യക്ഷമമായ ഇടപെടൽ അപ്പീലിൽ ഉണ്ടായില്ലെങ്കിൽ ലൈഫ് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങും. ജനറൽ ഉപഭോക്താവിന് 3,50,000 രൂപയും എസ്.സി-എസ്.ടിക്ക് 4,00,000 രൂപയുമാണ് വീടിനായി നൽകുന്നത്. ഇതിൽ 75 ശതമാനം സർക്കാറും 25 ശതമാനം പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കണം. ഇത് മറ്റ് വികസന പ്രവർത്തനത്തിന് തടസ്സമാകുമെന്നും അർഹതപ്പെട്ടവർക്ക് വീട് നൽകാൻ കഴിയില്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.