കർണാടക ഡീസൽ സെസ്​ നീക്കി; മാഹിയിൽ വിൽപന കുറഞ്ഞു

മാഹി: കർണാടകയിൽ ഡീസൽ വില കുറഞ്ഞതോടെ മാഹിയിൽ വിൽപന കുറഞ്ഞതായി പമ്പുടമകൾ. കർണാടകയിൽ ഡീസലിനുള്ള സെസ് എടുത്തുകളഞ്ഞതിനെ തുടർന്നാണിത്. ജൂലൈ 15 മുതൽ കർണാടകയിൽ മാഹിയിലേതിനേക്കാൾ ഡീസലിന് 1.18 രൂപ കുറവാണ്. ഡീസലിന് മാഹിയിലെ വ്യാഴാഴ്ചത്തെ വില 55.73 രൂപയും കർണാടകയിൽ 54.55 രൂപയുമാണ്. കർണാടകയിൽ വില കുറഞ്ഞതോടെ ദേശീയപാത വഴി മാഹിയിലൂടെ കടന്നുപോകുന്ന ചരക്കു ലോറികൾ ഇന്ധനത്തിന് മംഗളൂരുവിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്. നേരത്തേ അവിടെ മാഹിയിലേതിനേക്കാൾ ഡീസലിന് നാല് രൂപയോളം അധികമായിരുന്നു. അതേസമയം, പെടോളി​െൻറ സെസ് ഒഴിവാക്കിയിട്ടില്ല. പെട്രോളിന് മാഹിയിലെ വ്യാഴാഴ്ചത്തെ വില 62.24 രൂപയും കർണാടകയിൽ 66.75 രൂപയുമാണ്. കർണാടകയേക്കാൾ മാഹിയിൽ 4.51 രൂപയുടെ കുറവുണ്ട്. ഈ സാഹചര്യത്തിൽ വിൽപന നികുതി ഇനിയും കൂട്ടരുതെന്നും മാർച്ചിൽ വർധിപ്പിച്ച രണ്ടു ശതമാനത്തോളം നികുതി കുറക്കണമെന്നും ആവശ്യപ്പെട്ട് മാഹിയിലെ പമ്പുടമകൾ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി.എൻ. ഗണേശൻ പറഞ്ഞു. പുതുച്ചേരി സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ പെട്രോൾ വിൽപന നികുതി 18 ശതമാനത്തിൽ നിന്ന് 20.15 ശതമാനമായും ഡീസലിേൻറത് 15ൽനിന്ന് 16.65 ശതമാനമാക്കിയും വർധിപ്പിച്ചിരുന്നു. കേരളത്തിൽ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്നര രൂപയും മാഹിയിലെ വിലയേക്കാൾ കൂടുതൽ നിലനിൽക്കുന്നുണ്ട്. മാഹിയിൽ മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിലായി 14 പെട്രോൾ പമ്പുകളാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.