കേന്ദ്ര സർവകലാശാല: വൈസ്​ ചാൻസലർ വീണ്ടും ഡൽഹിയിൽ; ഒത്തുതീർപ്പ്​ ചർച്ച നടന്നില്ല

കാസർകോട്: കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരം ഒത്തുതീർപ്പാക്കാൻ ചൊവ്വാഴ്ച വൈസ് ചാൻസലറുടെ സാന്നിധ്യത്തിൽ നടത്തുമെന്ന് അറിയിച്ച ചർച്ച നടന്നില്ല. വൈകീട്ട് മൂന്നിനാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് വിളിപ്പിച്ചതിനാൽ വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ രാവിലെ ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഇതോടെ ചർച്ച മുടങ്ങി. വി.സി തിരികെയെത്തിയാൽ മാത്രമേ എന്തെങ്കിലും തീരുമാനത്തിലെത്താനാവൂവെന്ന് സർവകലാശാല അധികൃതർ അറിയിച്ചതിനാൽ ചർച്ചക്കെത്തിയ വിദ്യാർഥി നേതാക്കൾ മടങ്ങുകയായിരുന്നു. വർധിപ്പിച്ച ബിരുദാനന്തര ബിരുദ സീറ്റുകൾക്ക് ആനുപാതികമായി ഹോസ്റ്റൽ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒരാഴ്ച മുമ്പ് സമരം ആരംഭിച്ചത്. ഇതേത്തുടർന്ന് സർവകലാശാല പഠന വിഭാഗങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് രണ്ടുദിവസം മുമ്പും വി.സിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, മാനവ വിഭവശേഷി മന്ത്രാലയം അധികൃതരെ കാര്യങ്ങൾ ധരിപ്പിച്ചെങ്കിലും പരിഹാരനിർദേശങ്ങളൊന്നും ലഭിക്കാതെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. കഴിഞ്ഞ ദിവസം വീണ്ടും വിളിപ്പിച്ചതിനാലാണ് ചൊവ്വാഴ്ച പോയത്. അതിനിടെ താൽക്കാലികമായി ഹോസ്റ്റലിൽ കഴിയുന്ന ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കുമെന്നും ചൊവ്വാഴ്ച സർവകലാശാല അധികൃതർ ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.