ഒബാമ കെയർ റദ്ദാക്കൽ: ട്രംപിന്​ നിർണായക വിജയം

വാഷിങ്ടൺ: അമേരിക്കയിൽ ബറാക് ഒബാമ പ്രസിഡൻറായിരിക്കെ നടപ്പാക്കിയ ജനകീയ ആരോഗ്യ സേവന പദ്ധതി 'ഒബാമ കെയർ' റദ്ദാക്കാനും പകരം പുതിയ സംവിധാനം കൊണ്ടുവരാനുമുള്ള നീക്കത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നിർണായക വിജയം. ഒബാമ കെയർ റദ്ദാക്കി പകരം റിപബ്ലിക്കൻ ഹെൽത്ത് കെയർ ബിൽ കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചക്ക് സെനറ്റി​െൻറ അനുമതി ലഭിച്ചു. 50നെതിരെ 51 വോട്ടിനാണ് ട്രംപ് അനുകൂലികൾ വിജയം നേടിയത്. ഇരുഭാഗത്തും 50 എന്ന തുല്യവോട്ട് ലഭിച്ചപ്പോൾ വൈസ് പ്രസിഡൻറ് മൈക് പെൻസി​െൻറ കാസ്റ്റിങ് വോട്ട് നിർണായകമായി. ഇതോടെ ഒബാമ കെയർ റദ്ദാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകാൻ ട്രംപിന് സാധിക്കും. നേരത്തെ, ഒബാമ കെയറിനു പകരം റിപബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബിൽ നേരിയ ഭൂരിപക്ഷത്തോടെ ജനപ്രതിനിധിസഭ പാസാക്കിയിരുന്നു. 217 പേര്‍ അനുകൂലിച്ചപ്പോള്‍ 213 പേര്‍ എതിര്‍ത്തു. തുടർന്നാണ് ബില്‍ സെനറ്റ് പരിഗണനക്ക് എത്തിയത്. സെനറ്റിൽ റിപബ്ലിക്കൻ പാർട്ടിക്ക് 52 പേരും ഡമോക്രാറ്റിക് പാർട്ടിക്ക് 48 പേരുമാണുള്ളത്. ട്രംപി​െൻറ പാർട്ടിയിലെ രണ്ടു െസനറ്റർമാർ എതിരായി വോട്ടുചെയ്തോടെയാണ് 50–50 എന്ന നിലയുണ്ടായത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക് പെൻസി​െൻറ കാസ്റ്റിങ് വോട്ടിൽ റിപബ്ലിക്കൻമാർ നേരിയ വിജയം നേടുകയായിരുന്നു. ഇനി ഒബാമ കെയർ റദ്ദാക്കുന്നത് സംബന്ധിച്ച് സെനറ്റിൽ ചർച്ച നടക്കും. ഏറെ ജനകീയമായിരുന്ന ഒബാമ കെയർ പദ്ധതി പിൻവലിക്കാൻ ഏഴുവർഷത്തോളമായി നീക്കം നടത്തുകയാണ് റിപബ്ലിക്കന്മാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.