ഭാരവാഹിത്വത്തിന്​ വടംവലി; മുസ്​ലിം ലീഗ്​ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ്​ അനിശ്ചിതത്വത്തിൽ

കാസർകോട്: ഭാരവാഹിത്വത്തിനായുള്ള വടംവലി കാരണം മുസ്ലിംലീഗ് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി. നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി ആറുമാസമായിട്ടും ജില്ല ഭാരവാഹികളെ തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന കൗൺസിലി​െൻറ മാർഗനിർദേശമനുസരിച്ച് പുതുക്കിയ മെംബർഷിപ് പ്രകാരമുള്ള സംഘടന തെരഞ്ഞെടുപ്പ് 2016 ഒക്ടോബറിലാണ് ആരംഭിച്ചത്. ഒക്ടോബർ 31നകം പുതിയ വാർഡ് കമ്മിറ്റികളും നവംബറിൽ പഞ്ചായത്ത് കമ്മിറ്റികളും ഡിസംബറിൽ നിയോജക മണ്ഡലം കമ്മിറ്റികളും 2017 ജനുവരിയിൽ ജില്ല കമ്മിറ്റികളും നിലവിൽ വരണമെന്നായിരുന്നു തീരുമാനം. സംസ്ഥാന കൗൺസിൽ തയാറാക്കിയ ഷെഡ്യൂൾ പ്രകാരം ജില്ലയിൽ വാർഡ്തലം മുതൽ നിയോജക മണ്ഡലം വരെയുള്ള കീഴ്ഘടകങ്ങളിലെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2016 ഡിസംബറിനകം പൂർത്തീകരിച്ചിരുന്നു. തൃക്കരിപ്പൂരിൽ ഭാരവാഹികളെ തെരഞ്ഞെടുത്തതിനെതിരെ എതിർപ്പുകളുയർന്നെങ്കിലും സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചു. എന്നാൽ, ജില്ല കമ്മിറ്റിയിലേക്കുള്ള പുതിയ ഭാരവാഹികളെ എന്ന് നിശ്ചയിക്കുമെന്ന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടാകാത്തതിൽ നേതാക്കളിൽ ഒരുവിഭാഗം അസ്വസ്ഥരാണ്. മൂന്നുതവണ തുടർച്ചയായി മുഖ്യഭാരവാഹിത്വം വഹിച്ചവരും തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ ഇരുന്നവരും ഇത്തവണ പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽനിന്ന് മാറിനിൽക്കണമെന്ന സംസ്ഥാന കൗൺസിലി​െൻറ മാർഗനിർദേശമാണ് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിന് തടസ്സമാകുന്നതെന്ന് ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ജില്ലയിലെ നിലവിലുള്ള ഉന്നത ഭാരവാഹികൾ മൂന്നുവർഷം പൂർത്തിയാക്കിയവരാണ്. ഇത്തവണയും ഇവർ തന്നെ തുടരണമെന്നും അതല്ല പുതിയ ആളുകൾക്കുവേണ്ടി മാറിനിൽക്കണമെന്നും രണ്ട് അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. നിലവിലെ ഭാരവാഹികൾക്ക് ഒരുതവണകൂടി അവസരം നൽകാൻ സംസ്ഥാന നേതൃത്വത്തിനുമേൽ ശക്തമായ സമ്മർദവുമുണ്ട്. ഇതിനായി ചിലർ പാണക്കാേട്ടക്ക് പല തവണ വണ്ടികയറി. നേതൃസ്ഥാനത്തിനുവേണ്ടി മുൻകൂട്ടി തയാറെടുപ്പ് തുടങ്ങിയവരും അവരെ പിന്തുണക്കുന്ന അണികളും ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ഭാരവാഹികൾ സ്വയം മാറിനിൽക്കാൻ തയാറാവാത്തതിൽ അതൃപ്തരാണ് ഒരുവിഭാഗം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തി​െൻറ ശ്രദ്ധയിൽകൊണ്ടുവന്നിട്ടുമുണ്ട്. കൂടുതൽ കീഴ്കമ്മിറ്റികളുള്ള മറ്റു ജില്ലകളിൽ പലയിടത്തും ഭാരവാഹി തെരഞ്ഞെടുപ്പ് നേരത്തേ പൂർത്തിയായിട്ടും കേവലം അഞ്ച് നിയോജക മണ്ഡലങ്ങൾ മാത്രമുള്ള ജില്ലയിൽ പാർട്ടിക്ക് പുതിയ നായകന്മാരെ കണ്ടെത്താനാവാത്തത് അണികളിൽ അമർഷത്തിനൊപ്പം ആവേശക്കുറവിനും കാരണമായിട്ടുണ്ടെന്നാണ് അഭ്യുദയകാംക്ഷികളുടെ വിലയിരുത്തൽ. സംഘടന തെരഞ്ഞെടുപ്പി​െൻറ തുടക്കത്തിലുണ്ടായ ആവേശവും സജീവതയും നിലനിർത്താൻ കഴിഞ്ഞില്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു. ലീഗ് കേന്ദ്രങ്ങളിൽ നിന്ന് സി.പി.എമ്മിലേക്ക് അണികൾ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത് നേതൃത്വത്തി​െൻറ സമയോചിത ഇടപെടൽ ഇല്ലാത്തതുകൊണ്ടാണെന്നും വിമർശനമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.