ഇന്ത്യയില്‍നിന്ന് 1.70 ലക്ഷം ഹജ്ജ് തീർഥാടകര്‍

മംഗളൂരു: ഇന്ത്യയില്‍നിന്ന് ഈ സീസണില്‍ 1.70 ലക്ഷംപേര്‍ ഹജ്ജ് തീർഥാടനം നടത്തുമെന്ന് കര്‍ണാടക ഹജ്ജ് മന്ത്രി റോഷന്‍ ബെയ്ഗ് പറഞ്ഞു. മംഗളൂരു രാജ്യാന്തരവിമാനത്താവളം വഴിയുള്ള ഈ സീസണിലെ പ്രഥമ ഹജ്ജ്സംഘത്തിന് കര്‍ണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 4.48 ലക്ഷം പേരാണ് ഹജ്ജിന് അപേക്ഷിച്ചത്. 1.70 ലക്ഷമാണ് സൗദി അറേബ്യ അനുവദിച്ച േക്വാട്ട. ഇതില്‍ 1.25 ലക്ഷംപേര്‍ ഹജ്ജ് കമ്മിറ്റികള്‍ മുഖേനയും ശേഷിക്കുന്നവര്‍ സ്വകാര്യ ട്രാവല്‍ ഏജന്‍സികൾവഴിയും യാത്രചെയ്യും. കര്‍ണാടകയില്‍ ലഭിച്ച 23,514 അപേക്ഷകളില്‍ 70 കഴിഞ്ഞ എല്ലാവരെയും ശേഷിച്ചവരെ നറുക്കിട്ടും തെരഞ്ഞെടുത്തപ്പോള്‍ 6000ത്തോളം പേര്‍ക്ക് അവസരം ലഭിച്ചു. മംഗളൂരു, ബംഗളൂരു, ഗോവ, ഹൈദരാബാദ് വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ ഹജ്ജിന് പോവുക. ദക്ഷിണ കന്നട, ഉഡുപ്പി, കുടക്, ഹാസൻ, ചിക്കമഗളൂരു ജില്ലകളില്‍നിന്നുള്ള 780 തീർഥാടകര്‍ മൂന്ന് ദിവസങ്ങളിലായാണ് യാത്രചെയ്യുന്നത്. രണ്ടാമത്തെ ബാച്ച് ഇന്ന് ഉച്ച 12.55നും മൂന്നാംസംഘം നാളെ വൈകുന്നേരം 4.15നും പുറപ്പെടും. മംഗളൂരു ഹജ്ജ് ഭവന്‍ അടുത്ത സീസണില്‍ യാഥാർഥ്യമാവുമെന്ന് റോഷന്‍ ബെയ്ഗ് പറഞ്ഞു. ദക്ഷിണ കന്നട ഖാദി ത്വാഖ അഹ്മദ് മുസ്ലിയാര്‍, ഉഡുപ്പി ഖാദി ഇബ്രാഹിം മുസ്ലിയാര്‍ ബേക്കല്‍ എന്നിവര്‍ ഉദ്ബോധനവും പ്രാർഥനയും നിര്‍വഹിച്ചു. മൂഡബിദ്രി എം.എൽ.എ അഭയചന്ദ്ര ജയിന്‍ അധ്യക്ഷതവഹിച്ചു. ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ബി. രമാനാഥ റൈ, ഭക്ഷ്യ-പൊതുവിതരണ മന്ത്രി യു.ടി. ഖാദര്‍, ബി.എ. മുഹ്യുദ്ദീന്‍ ബാവ എം.എൽ.എ, ഐവന്‍ ഡിസൂസ എം.എൽ.സി, വഖഫ് ജില്ല ഉപദേശകസമിതി പ്രസിഡൻറ് എസ്.എം. റഷീദ് ഹാജി, മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് മസൂദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.