പയ്യന്നൂരിൽ തണ്ണീർത്തടം നികത്തി എണ്ണസംഭരണശാലക്കായി നീക്കം

പയ്യന്നൂർ: പയ്യന്നൂരിൽ തണ്ണീർത്തടങ്ങളും നെൽവയലും നികത്തി എണ്ണസംഭരണശാല സ്ഥാപിക്കാനുള്ള ശ്രമംതുടങ്ങി. അതീവ പരിസ്ഥിതിലോല പ്രദേശമാണ് ഇതിനായി കണ്ടെത്തിയത്. പരിസ്ഥിതിപ്രവർത്തകരുടെ വ്യാപകമായ എതിർപ്പ് മറികടന്നാണ് കമ്പനി പ്രവർത്തനവുമായി മുന്നോട്ടുപോകുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനും ചങ്കൂരിച്ചാലിനുമിടയിലുള്ള 129.7 ഏക്കർ ഭൂമിയാണ് സർക്കാർ കമ്പനിക്ക് വിട്ടുകൊടുക്കാൻ ഒരുങ്ങുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലവും നെൽവയലുകളും തണ്ണീർത്തടങ്ങളുമാണ്. പരിസ്ഥിതിക്ക് വൻതോതിൽ പരിക്കേൽപിക്കുന്ന തീരുമാനത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ ആവശ്യം. മൂന്നു പുഴകളുടെ സംഗമസ്ഥാനംകൂടിയാണ് ഇവിടം. ഹരിതകേരളത്തി​െൻറ ഭാഗമായി സർക്കാർ കേരളത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നെൽവയലുകൾ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാൻ പാലിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങൾപോലും അവഗണിച്ചതായി ആക്ഷേപമുണ്ട്. 39 കോടിയോളം ലിറ്റർ സംഭരണശേഷിയുള്ള 20ലധികം കൂറ്റൻ ടാങ്കുകളാണ് കണ്ടങ്കാളി, പുഞ്ചക്കാട് വയലുകളിൽ ഉയരാൻപോകുന്നത്. പെരുമ്പപുഴ ചങ്കൂരിച്ചാലിൽ രണ്ടായി പിരിഞ്ഞ് രാമന്തളി കടപ്പുറത്തേക്കും പുന്നക്കടവുവഴി കവ്വായി കായലിലേക്കും ഒഴുകുന്നത് സംഭരണശാല വരുന്നസ്ഥലത്തിന് തൊട്ടു കിഴക്കുഭാഗത്താണ്. വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന ഈ പ്രദേശത്തോട് ചേർന്നാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ളത്. 53.98 ഏക്കർ കണ്ടൽക്കാടുകളും 76.43 ഏക്കർ കൃഷിചെയ്യുന്ന വയലുകളും അക്വയർ ചെയ്യപ്പെടുമെന്ന് ജില്ല പരിസ്ഥിതിസമിതി പറയുന്നു. വരണ്ടനിലവും ചതുപ്പുനിലവും ചേർന്നതാണെന്നും സ്ഥലം ഉറപ്പിക്കാൻ വൻതോതിൽ മണ്ണ് വേണമെന്നും എണ്ണക്കമ്പനി സമർപ്പിച്ച സാധ്യതാ റിപ്പോർട്ടിലും പറയുന്നുണ്ട്. ഇതോടെ പയ്യന്നൂരും പരിസരങ്ങളിലും അവശേഷിക്കുന്ന ബാക്കിഭാഗം കുന്നുകളും അപ്രത്യക്ഷമാകും. രണ്ടു മീറ്റർ ഉയരത്തിലായിരിക്കും നികത്തുക. ഇപ്പോൾതന്നെ ഏച്ചിലാംവയൽ, കോറോം, വടശ്ശേരി, കുന്നുകൾ ഇല്ലാതായി. ആളുകളെ കൂടുതൽ ഒഴിപ്പിക്കേണ്ട എന്നതാണ് പദ്ധതിക്ക് ഇവിടം തെരഞ്ഞെടുക്കാൻ കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 14 വീടുകൾ മാത്രമാണ് ഇവിടെ ഒഴിപ്പിക്കേണ്ടത്. ഇത് എളുപ്പത്തിൽ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നല്ല വില കിട്ടുമെന്നതിനാൽ വയലുകളും ഏറ്റെടുക്കാൻ പ്രയാസമില്ല. അതേസമയം, പദ്ധതിപ്രദേശം മണ്ണിട്ടുയർത്തുന്നതോടെ കണ്ടങ്കാളി, മുല്ലക്കോട് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാനും അതുവഴി ശുദ്ധജല ലഭ്യത കുറയാൻ കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, പദ്ധതിയുടെ മറവിൽ ഇതരജില്ലകൾ കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് മാഫിയകൾ ചെറിയതുകക്ക് സ്ഥലം വാങ്ങിക്കൂട്ടാൻ ശ്രമം നടന്നുവരുന്നതായും സംസാരമുണ്ട്. ഒരു പ്രദേശത്തി​െൻറ മുഴുവൻപരിസ്ഥിതിയും ആവാസവ്യവസ്ഥയും തകർക്കുന്ന പദ്ധതി ഇവിടെനിന്ന് മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികളാണ് പദ്ധതിയുമായി രംഗത്തുള്ളത്. പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് പരിസ്ഥിതിപ്രവർത്തകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.