ജില്ല ഫുട്​ബാൾ അസോസിയേഷൻ സെക്രട്ടറിക്കെതിരെ അവിശ്വാസപ്രമേയത്തിന്​ നോട്ടിസ്​

കണ്ണൂർ: ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എ.കെ. മാമുക്കോയക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടിസ്. ജൂലൈ 30ന് നടക്കുന്ന പ്രത്യേക ജനറൽബോഡി യോഗത്തിൽ അവിശ്വാസപ്രമേയത്തിൽ വോെട്ടടുപ്പ് നടക്കും. നിലവിലെ ജില്ല ഫുട്ബാൾ അസോസിയേഷൻ ഭരണസമിതിയിൽ സെക്രട്ടറിയും പ്രസിഡൻറും ഉൾപ്പെട്ട പാനലിലുണ്ടായ പിളർപ്പാണ് പുതിയ സാഹചര്യത്തിലേക്ക് നയിച്ചത്. ഇൗ പിളർപ്പ് മുതലെടുത്ത് ഭരണസമിതിക്കെതിരെ നിന്നിരുന്ന ചേരി പുതിയ സഖ്യങ്ങൾ രൂപപ്പെടുത്തിയതോടെ അവിശ്വാസപ്രമേയത്തിനുള്ള സാഹചര്യം രൂപപ്പെടുകയായിരുന്നു. 31 ആക്ടിവ് അംഗങ്ങളാണ് ജില്ല ഫുട്ബാൾ അസോസിയേഷനിലുള്ളത്. ഇതിൽ 11 അംഗങ്ങൾ ഒപ്പിട്ട് നൽകിയ കത്തി​െൻറ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി കൂടിയാലോചിക്കാതെ കാര്യങ്ങൾ നടത്തുന്നുവെന്നും കളിക്കാരെ പുറത്താക്കുന്നതിന് കൂട്ടുനിന്നുവെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സെക്രട്ടറിക്കെതിരെ ഒരുവിഭാഗം ഉയർത്തിയിരിക്കുന്ന ആരോപണം. ഇതിൽ കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുമായി ബന്ധപ്പെട്ട് ചില ക്ലബുകൾ ക്യാമ്പുകൾ സംഘടിപ്പിച്ചത് ഉയർത്തിക്കാട്ടിയാണ് സെക്രട്ടറി തന്നിഷ്ടക്കാരനായി പ്രവർത്തിക്കുന്നതെന്നുമാണ് ആരോപണം. ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട് നാല് അഫിലിയേഷനുകളില്ലാത്ത ക്ലബുകൾ ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ബ്ലാസ്റ്റേഴ്സി​െൻറ ക്യാമ്പുകൾ അഫിലിയേഷനുള്ള ക്ലബുകൾക്കും അല്ലാത്ത ക്ലബുകൾക്കും നടത്തുന്നതിന് പ്രയാസമില്ലെന്നും ഏത് ക്ലബ് ക്യാമ്പ് നടത്തിയാലും ജില്ല ഫുട്ബാൾ അസോസിയേഷനും കെ.എഫ്.എക്കും നിശ്ചിത തുക വരുമാനം ലഭിക്കുമെന്നും സെക്രട്ടറിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇൗ കണക്കിൽ 60,000ത്തോളം രൂപയാണ് ജില്ല ഫുട്ബാൾ അസോസിയേഷന് വരുമാനമായി ലഭിച്ചത്. ഇത് കണക്കിലെടുക്കാതെയാണ് അവിശ്വാസത്തിനുള്ള നോട്ടിസ് നൽകിയതെന്നും സെക്രട്ടറിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.