പാക്​ ആക്രമണത്തിൽ രണ്ടു സൈനികർ കൊ​ല്ല​പ്പെ​ട്ടു

പാക് ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു ശ്രീനഗർ/ജമ്മു: നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘിച്ച് സിവിലിയൻ കേന്ദ്രങ്ങളിലടക്കം പാകിസ്താൻ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ഇതേതുടർന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതേസമയം, നുഴഞ്ഞുകയറാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ സൈന്യം വധിച്ചു. പാക് ഷെല്ലാക്രമണം കാരണം രജൗരിക്കടുത്ത കദാലി, സെഹ മേഖലകളിലെ മൂന്നു സ്കൂളുകളിൽ കുടുങ്ങിയ 217 വിദ്യാർഥികളെയും 15 അധ്യാപകരെയും ആറു മണിക്കൂറിനുശേഷം സൈന്യം സുരക്ഷിതമായി പുറത്തെത്തിച്ചു. രജൗരി, പൂഞ്ച്, കുപ്വാര ജില്ലകളിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ ൈസന്യം വ്യാപകമായി വെടിനിർത്തൽ ലംഘിച്ചു. മേഖലയിൽ ഷെല്ലാക്രമണവുമുണ്ടായി. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ സൈന്യത്തിലെ സിപോയ് ജസ്പ്രീത് സിങ്ങും (24) നൗഗാം സെക്ടറിൽ മറ്റൊരു സൈനികനുമാണ് കൊല്ലപ്പെട്ടത്. ബിംഭെർ ഗാലിയിലാണ് ഇന്ത്യൻ സൈനികന് വെടിവെപ്പിൽ പരിക്കേറ്റത്. രാവിലെ 6.45 മുതൽ രജൗരിയിലെ ബിംഭെർ ഗാലിയിലും പൂഞ്ചിലും മറ്റും കനത്ത ഷെല്ലാക്രമണമാണുണ്ടായത്. ഷെല്ലാക്രമണം കാരണം രജൗരി ജില്ലയിലെ സർക്കാർ സ്കൂളിൽനിന്ന് പുറത്തുകടക്കാൻ സാധിക്കാതെയാണ് വിദ്യാർഥികളും അധ്യാപകരും കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ശ്രമഫലമായി സൈന്യം ഇവരെ രക്ഷപ്പെടുത്തി ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ വീടുകളിലെത്തിക്കുകയായിരുന്നു. 150 കുട്ടികളുണ്ടായിരുന്ന ഭവാനിയിലെ സ്കൂളിലെ രക്ഷാദൗത്യസംഘം കഷ്ടിച്ചാണ് ഷെല്ലാക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. സ്കൂളിൽനിന്ന് ഏതാനും മീറ്റർ അകലെ ഷെല്ലുകൾ പതിച്ചു. 55 കുട്ടികളുണ്ടായിരുന്ന സൈർ ഹൈസ്കൂൾ കെട്ടിടം ഷെല്ലാക്രമണത്തിൽ തകർന്നെങ്കിലും ആർക്കും പരിക്കില്ല. പാക് ഷെല്ലിങ് തുടരുന്ന സാഹചര്യത്തിൽ രജൗരിയിലെ നൗഷേര, മൻജകോെട്ട സെക്ടറുകളിലെ എല്ലാ സ്കൂളുകളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു. അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിക്കുകയും പ്രദേശവാസികളോട് വീടുകളിൽത്തന്നെ കഴിയാൻ നിർദേശം നൽകുകയും ചെയ്തു. നടപടികൾ ഏകോപിപ്പിക്കാൻ ഫീൽഡ് ഒാഫിസർമാരെ ചുമതലപ്പെടുത്തി. ഷെല്ലാക്രമണം രജൗരി, പൂഞ്ച് മേഖലയിലെ പാഞ്ച്ഗ്രെയ്ൻ, രാജ്ധാനി, നെയ്ക ഗ്രാമങ്ങളിലെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.