റണ്‍വേ 4000 മീറ്ററാക്കുന്നതിന് ഭൂമിയേറ്റെടുക്കൽ; സ്​ഥലമുടമകളുടെ യോഗത്തിൽ തീരുമാനമായില്ല

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ 4000 മീറ്ററാക്കുന്നതിന് കാനാട് കോളിപ്പാലത്ത് ഭൂമിയേറ്റെടുക്കാൻ കലക്ടര്‍ വിളിച്ചുചേര്‍ത്ത സ്ഥലമുടമകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാനാട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന യോഗത്തില്‍ 125 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം കലക്ടര്‍ മിര്‍ മുഹമ്മദലി നാട്ടുകാരെ അറിയിച്ചെങ്കിലും സ്ഥലം വിട്ടുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. 183 വീടുകള്‍ ഏറ്റെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെ പിന്തുണ നേടുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. കിയാല്‍ അധികൃതരാണ് യോഗം വിളിച്ചുചേര്‍ത്തത്. അതേസമയം, ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നെൽവയൽ ഉള്‍പ്പെടെ കാര്‍ഷിക മേഖലയാണ് ഏറ്റെടുക്കുന്നത്. കനത്ത മഴയില്‍ കുന്നത്താന്‍കണ്ടിയിലെ ചളിവെള്ളം കയറി നാശംവിതച്ച അഞ്ചുവീടുകള്‍ കിയാല്‍ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കർമസമിതി ഭാരവാഹികളായ ഇ.കെ. മോഹനന്‍, കെ.പി മനോജ്, പി.കെ. ചന്ദ്രന്‍, പി.സി. വിനോദന്‍, പി.കെ. ഭരതന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറ്റെടുക്കേണ്ട സ്ഥലം കലക്ടര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.