കോടതിവിധിയിൽ ആശ്വാസംകൊണ്ട്​ സർക്കാർ; മെഡിക്കൽ പ്രവേശന നടപടി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള ഓര്‍ഡിനന്‍സിനും ഫീസ് നിര്‍ണയത്തിനും ഹൈകോടതിയുടെ അംഗീകാരമായതോടെ പ്രവേശന നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ഒരുങ്ങി സർക്കാർ. കേസിൽ വിമർശനം ഏറ്റുവാങ്ങിയെങ്കിലും വിധി സർക്കാറിന് ആശ്വാസമായി മാറി. ഒന്നാംഘട്ടത്തിൽ തന്നെ സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കും വിദ്യാര്‍ഥികളെ അലോട്ട്ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. 20നാണ് ആദ്യ അലോട്ട്മ​െൻറ്. 19 വരെ ഇതിനായി ഓപ്ഷന്‍ സമർപ്പിക്കാം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 85 ശതമാനം സീറ്റുകളില്‍ അഞ്ചുലക്ഷം രൂപയാണ് ഏകീകൃത ഫീസായി രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചത്. അവശേഷിക്കുന്ന 15 ശതമാനം എന്‍.ആര്‍.ഐ സീറ്റുകളില്‍ 20 ലക്ഷവും. നേരത്തേ അഞ്ചരലക്ഷം രൂപയാണ് പ്രവേശന മേല്‍നോട്ട സമിതി ഫീസ് നിശ്ചയിച്ചത്. ഇതിനെതിരെ മാനേജ്മ​െൻറുകൾ കോടതിയെ സമീപിച്ചതോടെയാണ് ആദ്യ ഫീസ് നിർണയം റദ്ദാക്കി ഫീസ് നിർണയ സമിതി നിരക്ക് പുതുക്കിനിശ്ചയിച്ചത്. ഇതിനായി സർക്കാർ ആദ്യ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയും ചെയ്തു. പുതിയ ഓര്‍ഡിനന്‍സില്‍ ഫീസ് നിര്‍ണയത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ ഫീസ് നിര്‍ണയ സമിതിയാണ് അഞ്ചുലക്ഷമായി ഫീസ് പുതുക്കിനിശ്ചയിച്ചത്. നേരേത്ത ബി.ഡി.എസിന് നിശ്ചയിച്ച 2.5ലക്ഷം രൂപ ഫീസ് പുതിയ സമിതി 2.9 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. എന്‍.ആര്‍.ഐ സീറ്റില്‍ ആറ് ലക്ഷമാണ് ബി.ഡി.എസിന് അനുവദിച്ചത്. ഈ നടപടിക്കാണ് തിങ്കളാഴ്ച കോടതി അംഗീകാരം നൽകിയത്. എന്നാൽ, കോടതി വിധിപ്പകര്‍പ്പ് ലഭിച്ചശേഷം നിയമനടപടിയിലേക്ക് കടക്കുമെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മ​െൻറ് അസോ. അറിയിച്ചു. പ്രവേശനത്തിന് തടസ്സമുണ്ടാകാതിരിക്കാൻ സര്‍ക്കാറുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധമായി തന്നെയാണ് മുന്നോട്ടുനീങ്ങുന്നതെന്നും അസോ. സെക്രട്ടറി വി. അനില്‍കുമാര്‍ പറഞ്ഞു. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ബി.ഡി.എസിന് ഫീസ് വര്‍ധന ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 3.3 ലക്ഷം രൂപ എന്ന കഴിഞ്ഞവർഷത്തെ ഫീസ് കോടതി അംഗീകരിച്ചു. കഴിഞ്ഞവര്‍ഷം വാങ്ങിയിരുന്ന 3.3 ലക്ഷത്തില്‍നിന്ന് 10 ശതമാനം വര്‍ധന വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് കോടതി അംഗീകരിച്ചില്ല. അതിനിടെ കഴിഞ്ഞവര്‍ഷത്തേതിന് സമാനമായ നാലുതരം ഫീസ് ഘടന അംഗീകരിച്ച് രണ്ടു കോളജുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജുകളുമായാണ് ധാരണയുണ്ടാക്കിയത്. പുതിയ സാഹചര്യത്തില്‍ ഇവരുമായി പ്രത്യേക കരാര്‍ ഉണ്ടാക്കാനാകുമോ എന്നത് നിയമവകുപ്പുമായി ആലോചിച്ചുവരികയാണ്. ഫീസ് നിര്‍ണയത്തിനായി സമിതി രൂപവത്കരിക്കുകയും അവര്‍ ഫീസ് നിര്‍ണയിക്കുകയും ചെയ്തശേഷം മറ്റൊരു ഫീസ്ഘടന അംഗീകരിക്കുന്നത് നിലനില്‍ക്കുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. നാലുതരം ഫീസ് വരുന്നതോടെ പകുതി വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാനാകും. ഈ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡം സംബന്ധിച്ചും അവ്യക്തതയുണ്ട്. എന്നാൽ, ഒാർഡിനൻസ് കോടതി അംഗീകരിച്ച സാഹചര്യത്തിൽ ധാരണയുമായി മുന്നോട്ടുപോകാനാകുമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. പരസ്പര ധാരണയോടെയുള്ള കരാറിന് ഒാർഡിനൻസിൽ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരുവിഭാഗം മാനേജ്മ​െൻറുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.