ഇന്ന് ലോക പാമ്പുദിനം നീർക്കോലികൾ വിടവാങ്ങുന്നു; രാജവെമ്പാലകൾ കാടിറങ്ങുന്നു

രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: കേരളത്തി​െൻറ വയലേലകളിലും കൈതോടുകളിലും നിരവധിയായുണ്ടായിരുന്ന നീർക്കോലികൾ അപ്രത്യക്ഷമാവുന്നു. തോടുകളും വയലുകളും ഇല്ലാതാവുന്നതാണ് നിർദോഷികളായ ഈ പാമ്പുകളുടെ വംശനാശത്തിനു കാരണമെന്ന് പ്രശസ്ത പാമ്പുപിടിത്തക്കാരനും വനംവകുപ്പി​െൻറ റാപിഡ് റെസ്പോൺസ് ടീം അംഗവുമായ റിയാസ് മാങ്ങാട് 'മാധ്യമ'ത്തോടു പറഞ്ഞു. തോടി​െൻറ അരികുകളിലെ കൽഭിത്തികളും കുറ്റിക്കാടുകളും അപ്രത്യക്ഷമാവുകയും വയൽ നികത്തൽ വ്യാപകമാവുകയും ചെയ്തതോടെയാണ് നീർക്കോലികൾ ഇല്ലാതായത്. വയലുകളിൽ വിഷം തളിച്ചതും ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവാൻ കാരണമായി. തോടി​െൻറ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിനാൽ ഇവക്ക് ഇരപിടിക്കാനും സുരക്ഷിതമായി മുട്ടയിടാനും ബുദ്ധിമുട്ടായി. വിഷമില്ലാത്ത നീർക്കോലി വിടവാങ്ങുമ്പോൾ അപകടകാരിയായ രാജവെമ്പാല കാടിറങ്ങുന്നതാണ് മറ്റൊരു പ്രതിഭാസം. കാട്ടിൽ ചൂട് കൂടുകയും ചേരപോലുള്ള മറ്റ് പാമ്പുകൾ കുറഞ്ഞതുമാണ് ഇവ നാട്ടിലേക്കിറങ്ങാൻ കാരണം. നിരവധി രാജവെമ്പാലകളെ പിടികൂടി കാട്ടിലേക്കയച്ചതായി റിയാസ് പറഞ്ഞു. പാമ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെങ്കിലും ആർ.എ.ടിയുടെ വരവിനുശേഷം പാമ്പുപിടിക്കാൻ വേണ്ടിയുള്ള ഫോൺവിളി കൂടിയതായി ഇദ്ദേഹം പറയുന്നു. പാമ്പിനോടുള്ള സ്നേഹംകൊണ്ടല്ല മറിച്ച് പിടിക്കുന്നത് കാണാനാണ് വിളിക്കുന്നത്. ഗ്രാമങ്ങളിൽ വീടുകൾ വർധിച്ചതും കുന്നിടിക്കൽ വ്യാപകമായതുമാണ് നാട്ടിലെ പാമ്പുകളുടെ നിലനിൽപിന് ഭീഷണിയായത്. നാട്ടിൽനിന്ന് പിടികൂടുന്ന പാമ്പുകളെ കാടുകളിലാണ് ഉപേക്ഷിക്കുന്നത്. എന്നാൽ, ഇവക്ക് ഇവിടെ വേണ്ട ആവാസവ്യവസ്ഥയുണ്ടോ എന്നത് സംശയമാണ്. എലികളും തവളകളും കൂടുതൽ ഉണ്ടാവുക നാട്ടിലാണ്. അതുകൊണ്ട് എല്ലാ പാമ്പുകളെയും നാടുകടത്തരുതെന്ന് റിയാസ് പറയുന്നു. കേരളത്തിൽ മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, ചുരുട്ട മണ്ഡലി എന്നീ നാലു പാമ്പുകൾ മാത്രമാണ് മനുഷ്യന് ഭീഷണി. എന്നാൽ, കാണുന്ന പാമ്പുകളെയെല്ലാം തല്ലിക്കൊല്ലുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത് ഈ ജീവികളുടെ നിലനിൽപ് ഇല്ലാതാക്കുന്നതായി 15 വർഷത്തിലധികമായി ഇൗരംഗത്തുള്ള ഇദ്ദേഹം പറയുന്നു. ചുരുങ്ങിയത് ചേരകളെയും മലമ്പാമ്പുകളെയുമെങ്കിലും നിലനിർത്തണം. കേരളത്തിനകത്തും പുറത്തുമായി പാമ്പുകളെക്കുറിച്ച് ഇൗ യുവാവ് നിരവധി ക്ലാസുകളെടുത്തിട്ടുണ്ട്. പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിൽ ഒഴിവുദിവസങ്ങളിൽ സന്ദർശകർക്ക് ക്ലാസെടുക്കാറുണ്ട്. മാസങ്ങൾക്കുമുമ്പ് മയ്യിലിൽ അപൂർവമായ കോറൽ പാമ്പിനെ പിടികൂടിയതും ഇദ്ദേഹമാണ്. നാഷനൽ ജ്യോഗ്രഫിക് ചാനലിലും റിയാസി​െൻറ സേവനമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.